കുവൈറ്റ് സിറ്റി: സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ മേൽനോട്ടവും നിയന്ത്രണവും ചുമതലകളുടെ ഭാഗമായി; നിയമലംഘനം നടത്തിയതിന് അഞ്ച് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ, 40 സ്വകാര്യ ക്ലിനിക്കുകൾ, 20 സ്വകാര്യ ഫാർമസികൾ എന്നിവയുടെ ലൈസൻസ് പിൻവലിക്കുകയും സ്ഥാപനങ്ങൾ അടച്ച് പൂട്ടുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലംഘനങ്ങളും മെഡിക്കൽ ലയബിലിറ്റി അതോറിറ്റി നടത്തിയ അന്വേഷണ ഫലങ്ങളും കണ്ടെത്തിയ പ്രത്യേക പരിശോധനാ സമിതികളുടെ ശുപാർശ പ്രകാരമാണ് മന്ത്രാലയം ഈ നടപടി സ്വീകരിച്ചത്.
മുകളിൽ സൂചിപ്പിച്ച ഫാർമസികൾ ഫാർമക്കോളജിക്കൽ പ്രൊഫഷനെ നിയന്ത്രിക്കുന്നതിനുള്ള 1996 ലെ 28-ാം നമ്പർ നിയമവും അതിന്റെ ഭേദഗതി – 2016 ലെ നിയമ നമ്പർ 30-ഉം ലംഘിച്ചതായി തെളിഞ്ഞതായി മന്ത്രാലയം വ്യക്തമാക്കി. ഈ ഫാർമസികളിൽ ചിലത് മറ്റ് ആളുകളാണ് നിയന്ത്രിക്കുന്നത്, ഫാർമസികൾ പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ് ഉടമകൾ അല്ലെന്ന് കണ്ടെത്തി. അടച്ച ആരോഗ്യ കേന്ദ്രങ്ങളും ക്ലിനിക്കുകളും 2020-ലെ മെഡിക്കൽ, അലൈഡ് പ്രൊഫഷൻസ് നിയമ നമ്പർ 70, സ്വകാര്യ മെഡിക്കൽ മേഖലയെ നിയന്ത്രിക്കുന്നതിനും ആരോഗ്യ ലൈസൻസ് നൽകുന്നതിനുമുള്ള തീരുമാനങ്ങൾ എന്നിവ ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട്.