കുവൈത്ത് സിറ്റി: ബഹിരാകാശ യാത്ര രംഗത്ത് ചരിത്ര നേട്ടം സ്വന്തമാക്കിയ സൗദി അറേബ്യക്ക് കുവൈറ്റ് പ്രശംസ അറിയിച്ചു. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് സൗദി സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും സന്ദേശത്തിലൂടെയാണ് ആശംസകൾ അറിയിച്ചത്. അതേസമയം സൗദി അറേബ്യയുടെ ശാസ്ത്രനേട്ടത്തെ അമീർ അഭിനന്ദിച്ചു. ഈ നേട്ടം ശാസ്ത്ര, സാങ്കേതിക, ബഹിരാകാശ മേഖലകളിൽ സൗദി അറേബ്യ കൈവരിച്ച മഹത്തായ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നു. അന്താരാഷ്ട്ര വേദിയിലും മറ്റു തലങ്ങളിലും രാജ്യത്തിന്റെ പദവി ഉയർത്തുന്നതുമാണിത്. സൗദിയുടെയും അറബ് രാജ്യങ്ങളുടെയും ഈ നേട്ടം അഭിമാനകരമാണെന്നും കുവൈത്ത് അമീർ വ്യക്തമാക്കി.
സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന്റെ ജ്ഞാനപൂർവമായ നേതൃത്വത്തിൻ കീഴിൽ രാജ്യത്തിനും അതിലെ ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും ലഭിക്കട്ടെയെന്നും ശൈഖ് നവാഫ് ആശംസിച്ചു.