കുവൈത്ത് സിറ്റി: എണ്ണ ഉൽപാദനം കുറയ്ക്കുന്നതിനുള്ള തീരുമാനം 2024 അവസാനം വരെ തുടരുമെന്ന് കുവൈത്ത് എണ്ണ മന്ത്രി മനാഫ് അൽ ഹജ്രി വ്യക്തമാക്കി. നേരത്തെ നിശ്ചയിച്ച പ്രതിദിനം 128,000 ബാരൽ ഉൽപാദനമാണ് കുറയ്ക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ പ്രഖ്യാപിച്ച ഒപെക് പ്ലസ് രാഷ്ട്രങ്ങളുടെ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് സ്വമേധയാ വെട്ടിക്കുറക്കലെന്നും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയും ദേശീയ അസംബ്ലി കാര്യങ്ങളുടെ ആക്ടിങ് സഹമന്ത്രിയുമായ അൽ ഹജ്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം നടന്ന ഒപെക്കിന്റെ 35-ാമത് മന്ത്രിതല യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനം എടുത്തിരുന്നു. മേയ് മുതൽ 2023 അവസാനം വരെ പ്രതിദിനം 128,000 ബാരൽ സ്വമേധയാ എണ്ണ ഉൽപാദനം വെട്ടിക്കുറക്കുമെന്ന് കുവൈത്ത് നേരത്തേ അറിയിച്ചിരുന്നു. ഉൽപാദനം വെട്ടിക്കുറക്കാനുള്ള ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനത്തെ തുടർന്നായിരുന്നു നടപടി. ഇതാണ് 2024 അവസാനം വരെ നീട്ടിയത്. ഉൽപാദനം കുറച്ച് മുൻകരുതൽ നടപടികൾ സ്വീകരിക്കാനുള്ള തീരുമാനത്തിനെ തുടർന്നാണ് വെട്ടിക്കുറക്കൽ. സൗദി അറേബ്യ, യു.എ.ഇ,ഒമാൻ, അൽജീരിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളും നിലവിൽ ഉൽപാദനം സ്വമേധയാ കുറച്ചിട്ടുണ്ട്.