കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വകാര്യ പാർപ്പിട മേഖലകളിൽ കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന പ്രവാസികളെ ഒഴിപ്പിക്കുന്നതിനുള്ള പ്രത്യേക സംഘം അഹമ്മദി ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന ആരംഭിച്ചു. ബാച്ചിലർമാരായ താമസക്കാരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഈ പ്രദേശങ്ങളിലെ നിരവധി വീട്ടുടമകൾക്ക് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലുള്ള പരിശോധന സംഘം നേരത്തെ മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു.ഈ നിർദേശം പാലിക്കപ്പെടാത്ത കെട്ടിടങ്ങളിൽ ആദ്യ ഘട്ടത്തിൽ ജല വൈദ്യുതി ബന്ധം വിഛേദിക്കുകയും തുടർന്ന് താമസക്കാരുടെ വിവരങ്ങൾ മാനവ ശേഷി സമിതി അധികൃതർക്ക് കൈമാറുകയും ചെയ്യും.
അഹമ്മദി മുനിസിപ്പാലിറ്റി എമർജൻസി ആൻഡ് റാപ്പിഡ് ഇൻറർവെൻഷൻ ടീം മേധാവി ഖാലിദ് അൽ ഫദ്‌ലിയുടെ നേതൃത്വത്തിൽ വൈദ്യുതി മന്ത്രാലയം, മാനവ ശേഷി സമിതി, പരിസ്ഥിതി സംരക്ഷണ സമിതി, ആഭ്യന്തര മന്ത്രാലയം മുതലായ ഏജൻസികളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘമാണ് പരിശോധന നടത്തുന്നത്.