കുവൈത്ത്: കുവൈറ്റ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ക്രമ സമാധാന പാലന രംഗത്ത് വൻ മുന്നേറ്റം കൈവരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രാലയം പുറത്തു വിട്ട സ്ഥിതി വിവര കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാന മന്ത്രി ഷെയ്ഖ് അഹമദ് അൽ നവാഫ് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭ അധികാരത്തിൽ എത്തിയ ശേഷമാണ് ഈ നേട്ടം കൈവരിച്ചിരിക്കൂന്നത്. ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ കർശന നടപടികളും നിലപാടുകളാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്.
മയക്കുമരുന്ന് കച്ചവടക്കാർക്കും കള്ളക്കടത്തുകാർക്കും എതിരെ അദ്ദേഹം സ്വീകരിച്ചു വരുന്ന വിട്ടു വീഴ്ചയില്ലാത്ത നിലപാടുകളാണ് ഇതിൽ എടുത്ത് പറയേണ്ടത്. ഏകദേശം 5 ടൺ ഹാഷിഷ് , 40 മില്യൺ സൈക്കോട്രോപിക് ലഹരിവസ്തുക്കൾ, 650 കിലോഗ്രാം ഷാബു, 15 കിലോഗ്രാം ഹെറോയിൻ, 120 കിലോഗ്രാം കഞ്ചാവ്, 120 കിലോഗ്രാം രാസവസ്തുക്കൾ, മയക്കുമരുന്ന് ഗുളികകൾ നിർമ്മിക്കുവാനായി ഉപയോഗിക്കുന്ന 800 കിലോഗ്രാം അസംസ്കൃത പൊടി എന്നിവയാണ് മന്ത്രിയുടെ നേരിട്ടുള്ള മേൽ നോട്ടത്തിൽ ഈ കാലയളവിൽ പിടിച്ചെടുത്തത്. ഇതിനു പുറമെ വൻ തോതിലുള്ള കൊക്കെയ്ൻ, കറുപ്പ്, എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
കൂടാതെ രാജ്യത്ത് കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് കാര്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ജയിലുകളിലെക്ക് മയക്കു മരുന്ന് കടത്തുന്നത് തടയുവാനും കർശന നടപടികളാണ് സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി പദവിയിലുള്ള മുതിർന്ന രണ്ട് പേർ ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥരെ മന്ത്രി സസ്പെൻഷൻ ചെയ്യുകയും ചെയ്തിരുന്നു.രാജ്യത്തെ അനധികൃത താമസക്കാർ, ഗതാഗത നിയമ ലംഘകർ എന്നിവർക്ക് എതിരെയും കർശന നടപടികളാണ് സ്വീകരിച്ചു വരുന്നത്.