കുവൈറ്റ്: ഭീകരതക്കെതിരെയുള്ള സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കുവൈത്തും ഐക്യരാഷ്ട്രസഭയും (യു.എൻ) ധാരണപത്രത്തിൽ ഒപ്പുവെച്ചു. യു.എൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കുവൈത്ത് വിദേശകാര്യ സഹമന്ത്രി അംബാസഡർ ഹമദ് അൽ മഷാനും യു.എൻ തീവ്രവാദ വിരുദ്ധ അണ്ടർ സെക്രട്ടറി ജനറൽ വ്ലാദിമിർ വോറോങ്കോവുമാണ് കരാറിൽ ഒപ്പുവെച്ചത്.
കരാർ നിലവിൽ വരുന്നതോടെ തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളിൽ കുവൈത്ത് കൂടുതൽ സജീവമാകും. ആഗോള തീവ്രവാദത്തെ ചെറുക്കുന്നതിനായുള്ള പരിശീലനത്തിലും കുവൈത്ത് പങ്കാളിയാകും. ലോകസുരക്ഷക്കും സുസ്ഥിരതക്കും വളർച്ചക്കും വേണ്ടി ഭീകരവാദം, തീവ്രവാദം ഉൾപ്പെടെയുള്ള വെല്ലുവിളികളെ ഒരുമിച്ച് നേരിടണമെന്ന് ജനറൽ വ്ലാദിമിർ വോറോങ്കോവ് പറഞ്ഞു.
തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ കുവൈത്ത് നൽകുന്ന സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. സ്വദേശികൾക്കുള്ള പരിശീലന പരിപാടിയും തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള പ്രത്യേക ശിൽപശാലകളും സംഘടിപ്പിക്കാൻ അംബാസഡർ ഹമദ് അൽ മഷാൻ ജനറൽ വ്ലാദിമിറിനെ കുവൈത്തിലേക്ക് ക്ഷണിച്ചു.