കുവൈറ്റ് : കുവൈത്ത് തൊഴിൽ വിപണിയിലെ ആകെ തൊഴിലാളികളിൽ മുപ്പത് ശതമാനത്തിൽ അധികം ഇന്ത്യക്കാർ. ഒരു പ്രാദേശിക ദിനപത്രം പുറത്തു വിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇത് അനുസരിച്ച് ഒരു ലക്ഷത്തി നാല്പത്തി അയ്യായിരം സ്ത്രീകളും ഏഴ് ലക്ഷത്തി പന്ത്രണ്ടായിരം പുരുഷന്മാരും ഉൾപ്പെടെ രാജ്യത്ത് ആകെ എട്ട് ലക്ഷത്തി അമ്പത്തി ഏഴായിരം ഇന്ത്യക്കാരാണ് വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്നത്.
രാജ്യത്തെ തൊഴിൽ വിപണിയിൽ ആകെ ഇരുപത്തി എട്ട് ലക്ഷത്തി അമ്പതിനായിരം പേരാണ് തൊഴിലാളികളായുള്ളത്. ഈ വർഷം ജനുവരി ഒന്ന് മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ ഇരുപത്തി മൂന്നായിരം ഇന്ത്യക്കാരായ തൊഴിലാളികൾ തൊഴിൽ വിപണിയിൽ പുതുതായി എത്തിയതായും സ്ഥിതി വിവര കണക്കിൽ വ്യക്തമാക്കുന്നു. 2022 ഡിസംബർ അവസാനം വരെ 834,678 ഇന്ത്യക്കാരായിരുന്നു കുവൈത്ത് തൊഴിൽ വിപണിയിൽ ഉണ്ടായിരുന്നത്. ഇന്ത്യക്കാർക്ക് ശേഷം രാജ്യത്തെ തൊഴിൽ വിപണിയിൽ ജോലി ചെയ്യുന്ന തൊഴിലാളികളിൽ രണ്ടാം സ്ഥാനത്തുള്ളത് ഈജിപ്ഷ്യൻസാണ്.നാല് ലക്ഷത്തി എൺപത്തി ആറായിരം ഈജിപ്ഷ്യൻ തൊഴിലാളികൾ ആണ് കുവൈത്തിൽ ജോലി ചെയ്യുന്നത്. തൊട്ടു പിന്നിൽ സ്വദേശികളാണ്. നാല് ലക്ഷത്തി നാല്പത്തി നാലായിരം സ്വദേശികളാണ് തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നത്. രാജ്യത്ത് ഏറ്റവും അധികം പേർ ജോലി ചെയ്യുന്ന രാജ്യക്കാരുടെ എണ്ണത്തിൽ ഫിലിപ്പീൻസ് നാലാം സ്ഥാനത്തും ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്തും ശ്രീലങ്ക ആറാം സ്ഥാനത്തുമാണുള്ളത്.നേപ്പാൾ (7) പാകിസ്ഥാൻ (8)സിറിയ (9) ജോർദാൻ (10) എന്നിങ്ങനെയാണ് കുവൈത്ത് തൊഴിൽ വിപണിയിൽ ജോലി ചെയ്യുന്ന മറ്റു രാജ്യക്കാരുടെ സ്ഥാനം