കുവൈറ്റ്: കുവൈത്തിൽ ഗുരുതര വൃക്ക രോഗികളെ അംഗ പരിമിതരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സമർപ്പിച്ച ഹർജിയിൽ കുവൈത്ത് കാസേഷൻ കോടതി അനുകൂല വിധി പുറപ്പെടുവിച്ചു. വൃക്ക രോഗിയായ സ്വദേശി പൗരൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രധാനമായ വിധി പ്രഖ്യാപിച്ചത്.
കടുത്ത വൃക്ക രോഗ ബാധിതനായ ഇയാൾക്ക് വികലാംഗ ക്ഷേമ കാര്യ പൊതു സമിതി അധികൃതർ അംഗ പരിമിത സർട്ടിഫിക്കറ്റ് അനുവദിച്ചിരുന്നു. എന്നാൽ സമിതിയുടെ സാങ്കേതിക വിഭാഗം നടത്തിയ പരിശോധനയിൽ സർട്ടിഫിക്കറ്റ് പിൻവലിക്കാൻ തീരുമാനം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. വൃക്ക രോഗം അംഗ പരിമിതിയുടെ പരിധിയിൽ ഉൾപ്പെടില്ല എന്ന കാരണം ചൂണ്ടികാട്ടിയാണ് സാങ്കേതിക വിഭാഗ സമിതി ഇയാളുടെ സർട്ടിഫികറ്റ് പിൻവലിച്ചത്.ഇതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് കാസേഷൻ കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
ആധുനിക ചികിത്സകൾ നടത്തിയിട്ടും രോഗിയുടെ അവസ്ഥ മെച്ചപ്പെടാത്തിടത്തോളം കാലം ഹർജിക്കാരന് അംഗ പരിമിതർക്കുള്ള നിയമ പരമായ എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കാൻ അർഹനാണെന്ന് കോടതി വിധിയിൽ പ്രസ്ഥാവിച്ചു.രോഗവുമായി ബന്ധപ്പെട്ട് ഹർജിക്കാരൻ സമർപ്പിച്ച എല്ലാ രേഖകളും വ്യാജമല്ലെന്ന് തെളിയിക്കാത്തിടത്തോളം സാങ്കേതിക സമിതിയുടെ തീരുമാനം അന്യായമാണെന്നും കോടതി അഭിപ്രായപ്പെട്ടു.ഹരജിക്കാരന് വേണ്ടി അഭിഭാഷകൻ ഒമർ അൽ-ഹമ്മദിയാണ് ഹാജരായത്.