കുവൈറ്റ്: കുവൈത്തിൽ ഡ്രൈവിങ് ടെസ്റ്റ് നിരീക്ഷണ ക്യാമറയുടെ പരിധിയിലാക്കുന്നു. ക്യാപിറ്റൽ ഗതാഗത വകുപ്പിലെ ലൈസൻസിങ് വിഭാഗം മേധാവി ബ്രിഗെഡിയർ ജനറൽ അബ്ദുൽ വഹാബ് അൽ ഉമറാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത വർഷം മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം അറിയിച്ചു.
പുതുതായി ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്ന വ്യക്തി ആദ്യ വർഷം ഏതെങ്കിലും റോഡപകടങ്ങൾ ഉണ്ടാക്കുന്ന സാഹചര്യത്തിൽ, ഡ്രൈവിങ് ലൈസൻസ് പിൻ വലിക്കുവാൻ അധികൃതർക്ക് അവകാശമുണ്ട്. ഇത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി പുതുതായി ഡ്രൈവിങ് ടെസ്റ്റ് വിജയിക്കുന്നവർക്ക് ആദ്യ വർഷം താൽക്കാലിക ലൈസൻസ് മാത്രം നൽകുവാൻ ആലോചിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ക്യാപിറ്റൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ച് സ്വദേശികൾക്കും ഗാർഹിക ഡ്രൈവർമാർക്കും മാത്രമായി പുതിയ ഡ്രൈവിങ് ലൈസൻസ് വിഭാഗം ആരംഭിച്ചിട്ടുണ്ട്. ഇതേ മാതൃകയിൽ മറ്റു ഗവർണറേറ്റുകളിലും പുതിയ വിഭാഗം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.