കുവൈത്ത് : ഊർജ മേഖലയിൽ വലിയ നിക്ഷേപം നടത്തി നേട്ടം ഉണ്ടാക്കാൻ കുവൈറ്റ് ഒരുങ്ങുകയാണ്. 300 ബില്യൺ ഡോളറിലധികം ഊർജ മേഖലയിൽ നിക്ഷേപിക്കുമെന്ന് ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ഡോ. സാദ് അൽ ബറാക്ക് വ്യക്തമാക്കി. 2040 വരെയുള്ള ദീർഘകാലത്തേക്കാണ് ഇത്രയും തുക ഊർജ മേഖലയിൽ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതെന്നും ഡോ. സാദ് അൽ ബറാക്ക് പറഞ്ഞു.
വിയന്നയിൽ ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിങ് രാജ്യങ്ങളുടെ (ഒപെക്) എട്ടാമത് അന്താരാഷ്ട്ര സിമ്പോസിയത്തിന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് അൽ ബറാക്ക് ഈക്കാര്യം വ്യക്തമാക്കിയത്.ആഗോള ഊർജ വിപണിയിൽ പ്രതിവർഷം 500 ബില്യൺ ഡോളർ ആവശ്യമാണെങ്കിലും 60 ശതമാനം മാത്രമാണ് നിക്ഷേപമായി ലഭിക്കുന്നത്. വിപണിയിൽ 40 ശതമാനത്തിലധികം വിടവ് ഉണ്ടെന്നാണ് ഇത് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിപണി ആവശ്യങ്ങൾക്കനുസരിച്ച് എണ്ണ ഉൽപാദനം നിയന്ത്രിക്കുന്നതിനും, വില ക്രമപ്പെടുത്തുന്നതിനും കുവൈത്ത് നിരവധി ത്യാഗങ്ങൾ സഹിച്ചതായി സാദ് അൽ ബറാക്ക് പറഞ്ഞു. കാർബൺ പുറന്തള്ളൽ ഒഴിവാക്കാനുള്ള കുവൈത്തിന്റെ പ്രതിബദ്ധത ചൂണ്ടിക്കാട്ടിയ മന്ത്രി, ഈ മേഖലയില്‍ രാജ്യം ഒട്ടേറെ മുന്നേറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.