കുവൈത്ത്: കുവൈത്തിലെ ഷുഐബ ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടിത്തം. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് തീപിടിത്തമുണ്ടായത്. അപകടം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആറ് അഗ്നിശമന കേന്ദ്രങ്ങളിൽ നിന്നുള്ള സംഘം സഥലത്തെത്തി പ്രതിരോധ നടപടികൾ ആരംഭിച്ചു. എന്നാൽ സിമന്റ്, ചായം എന്നിവയിൽ തീപിടിക്കുന്ന രാസവസ്തുക്കൾ അടങ്ങിയതിനാൽ തീ തൊട്ടടുത്ത സ്ഥലങ്ങളിലേക്ക് വ്യാപിച്ചു. അഗ്നിശമന സേനാംഗങ്ങൾ കൃത്യസമയത്ത് സംഭവസഥലത്ത് എത്തിയതിനാൽ വലിയ നഷ്ടങ്ങളില്ലാതെ തീ അണക്കാൻ കഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി.
ജനറൽ ഫയർഫോഴ്‌സ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് റകാൻ അൽ മെക്രാദ് നടപടികൾക്ക് മേൽനോട്ടം വഹിച്ചു. കൺട്രോൾ സെക്ടർ വൈസ് പ്രസിഡന്റ് മേജർ ജനറൽ ജമാൽ ബദർ നാസർ, അഹമ്മദി ഗവർണറേറ്റിലെ അഗ്നിശമന സേന ആക്ടിംഗ് ഡയറക്ടർ കേണൽ മുഹമ്മദ് സൗദ് അബ്ദുൽ അസീസ് എന്നിവരും സ്ഥലത്തെത്തിയിരുന്നു. രാജ്യത്ത് കനത്ത ചൂട് തുടരുന്നതിനാൽ തീ പിടിത്ത സാധ്യത അവസാനിച്ചിട്ടില്ല. സുരക്ഷ കണക്കിലെടുത്ത് അഗ്നി പ്രതിരോധ മാർഗങ്ങൾ നടപ്പിലാക്കാൻ വാണിജ്യ-വ്യവസായ-കെട്ടിട ഉടമകളോടും വാടകക്കാരോടും അഗ്നിശമന സേന ആവശ്യപ്പെട്ടു.