കുവൈത്ത്: രാജ്യത്ത് ആരോഗ്യ മേഖലയിൽ കൂടുതൽ ഇന്തോനേഷ്യൻ പൗരന്മാരെ നിയമിക്കുന്നു. ഡോക്ടർ, നഴ്സുമാർ, ടെക്നീഷ്യന്മാർ തുടങ്ങി ആയിരത്തോളം ഇന്തോനേഷ്യൻ മെഡിക്കൽ പ്രാക്ടീഷണർമാരെയാണ് നിയമിക്കുക എന്നാണ് സൂചന.
കുവൈത്തിലെ ഇന്തോനേഷ്യൻ അംബാസഡർ ലീന മരിയാനയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആരോഗ്യ വിദഗ്ധരെ അയക്കുന്നതിന് ഇന്തോനേഷ്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളുമായി ബന്ധപ്പെടുന്നതായി ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ ശ്രമത്തെയും അഭിനന്ദിക്കുന്നതായി ലീന മരിയാന പറഞ്ഞു. ഇന്തോനേഷ്യയും കുവൈത്തും നഴ്സുമാരുടെ റിക്രൂട്ട്മെന്റിനുള്ള ധാരണപത്രത്തിൽ നേരത്തെ ഒപ്പുവെച്ചിരുന്നു. ഏകദേശം 300ഓളം ഇന്തോനേഷ്യൻ നഴ്സുമാർ 20 വർഷത്തിലേറെയായി കുവൈത്തിൽ ജോലി ചെയ്യുന്നുണ്ട്.