കുവൈത്ത്: കുവൈത്തിൽ വിവിധ മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളുമായി ബന്ധപ്പെട്ട പിഴ ഇനത്തിൽ പ്രവാസികൾ കുടിശിക വരുത്തിയത് 50 കോടി ദിനാർ ( എകദേശം പതിമൂന്നായിരത്തി അഞ്ഞൂറു കോടി രൂപ ).ഇതിന് പുറമെ മരണമടഞ്ഞവർ, നാട് കടത്തപ്പെട്ടവർ, നാട്ടിൽ പോയി തിരികെ വരാത്തവർ എന്നിവരിൽ നിന്നായി വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട പിഴയിനത്തിൽ 300 കോടിയോളം ദിനാറാണ് രാജ്യത്തിന് കിട്ടാക്കടമായി ലഭിക്കാനുള്ളത്.
ഇവ പൂർണ്ണമായും നഷ്ടമായ അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തിലാണ് വിദേശികൾ രാജ്യത്തിന് പുറത്തേക്ക് പോകുന്നതിനു മുമ്പായി പിഴകൾ അടച്ചു തീർക്കണമെന്ന നിയമം ശക്തമായി നടപ്പിലാക്കുവാൻ ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് ഉത്തരവ് നൽകിയത്.
നിലവിൽ രാജ്യത്ത് നിന്ന് പുറത്തു പോകുന്ന വിദേശികളിൽ നിന്ന് ആഭ്യന്തരം, ജല വൈദ്യുതി, ടെലകമ്മ്യൂണിക്കേഷൻ, നീതി ന്യായം മുതലായ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട പിഴകൾ പിരിച്ചെടുക്കുവാനാനുള്ള തീരുമാനമാണ് നടപ്പിലാക്കിയിരിക്കുന്നത്. സമീപ ദിവസങ്ങളിൽ ഇത് ആരോഗ്യ മന്ത്രാലയം , മുനിസിപ്പാലിറ്റി, വാണിജ്യ മന്ത്രാലയം, പരിസ്ഥിതി സംരക്ഷണ സമിതി , മുതലായ സർക്കാർ ഏജൻസികളുമായി ബന്ധപ്പെട്ട പിഴ കുടിശികകൾ പിരിച്ചെടുക്കുന്നതിനും ബാധകമാക്കും. അതേസമയം രാജ്യത്ത് നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് മുമ്പായി വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട പിഴകൾ അടച്ചു തീർക്കുന്നതിനു അതാത് മന്ത്രാലയങ്ങൾ വിമാന താവളത്തിൽ പ്രത്യേക കൗണ്ടറുകൾ ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമെ അതത് മന്ത്രാലയങ്ങളുടെ വെബ് സൈറ്റുകൾ, ഓഫീസുകൾ,സാഹൽ ആപ്പ് എന്നിവ വഴിയും പിഴ കുടിശിക അടച്ചു തീർക്കുവാനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.