കുവൈത്ത്: കുവൈത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾ യാത്രക്ക് മുമ്പായി സർക്കാരുമായി ബന്ധപ്പെട്ട ബിൽ കുടിശിക, പിഴകൾ എന്നിവ അടച്ചു തീർക്കണമെന്ന നിയമം നടപ്പിലാക്കിയ ശേഷം ഇത്തരത്തിൽ 4.77 ദശലക്ഷം ദിനാർ സർക്കാരിന് ലഭിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
രാജ്യത്തെ കര, വ്യോമ അതിർത്തികൾ വഴിയാണ് ഇത്രയും തുക ഈടാക്കിയത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം നടപ്പിലാക്കിയത്. ഇതിൽ 11.1 ലക്ഷത്തോളം ദിനാർ ഗതാഗത നിയമ ലംഘനത്തിൽ നിന്നാണ് ലഭിച്ചത്. 8 ലക്ഷത്തോളം ദിനാർ ഗൾഫ് രാജ്യങ്ങളിലെ പൗരന്മാരിൽ നിന്നാണ് പിരിച്ചെടുത്തത്. ഈ കാലയളവിൽ മുപ്പത് ലക്ഷത്തോളം ദിനാർ ജല വൈദ്യുതി ബിൽ കുടിശികയിനത്തിലും പിരിച്ചെടുത്തു. ഇവയിൽ ടെലകമ്മ്യൂണിക്കേഷൻ, നീതി ന്യായ മന്ത്രാലയം മുതലായ മന്ത്രാലയങ്ങൾക്ക് ലഭിക്കുവാനുള്ള ബിൽ കുടിശിക ഉൾപ്പെടുന്നില്ലെന്നും മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.