കുവൈത്ത്: ട്രാഫിക് നിയമ ഭേദഗതി കരട് നിയമത്തിന് പാർലമെന്ററി ഇന്റീരിയർ ആൻഡ് ഡിഫൻസ് കമ്മിറ്റി അംഗീകാരം നൽകി. ഇതോടെ ട്രാഫിക് നിയമത്തിലെ ഭേദഗതികൾ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഉൾപ്പെടുത്തും. ഗതാഗതക്കുരുക്ക് കുറക്കുന്നതിനൊപ്പം നിയമലംഘകർക്കുള്ള പിഴയും വർധിപ്പിക്കുന്നതാണ് ഭേദഗതിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്വത്തിനും ജീവനും അപകടം സൃഷ്ടിക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്നരവരുടെ ഡ്രൈവിങ് ലൈസൻസോ വെഹിക്ൾ ഓപറേറ്റിങ് ലൈസൻസോ റദ്ദാക്കാൻ ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് ഡയറക്ടർക്ക് ഭേദഗതികൾ അധികാരം നൽകുന്നു. നിശ്ചിത പിഴയടച്ച ശേഷമേ ഡ്രൈവിങ് ലൈസൻസ് വീണ്ടും നൽകൂ.
വാഹനം ഉടമയുടെയോ ലൈസൻസിയുടെയോ അറിവോ സമ്മതമോ ഇല്ലാതെ ഓടിക്കുക, ലൈസൻസ് പ്ലേറ്റുകൾ വ്യക്തമല്ലാത്തതോ അവ്യക്തമായ നമ്പറുകളുള്ളതോ ആയ വാഹനം ഓടിക്കൽ, പെർമിറ്റ് ഇല്ലാതെ അല്ലെങ്കിൽ കാലഹരണപ്പെട്ട പെർമിറ്റ് ഉപയോഗിച്ച് വാഹനം ഓടിക്കൽ, പൊലീസ് ആവശ്യപ്പെടുമ്പോൾ ഡ്രൈവിങ് ലൈസൻസ്, വാഹന ഓപറേറ്റിങ് പെർമിറ്റ് അല്ലെങ്കിൽ മറ്റുരേഖകൾ എന്നിവ നൽകാതിരിക്കൽ, വാഹനത്തിൽ ലൈറ്റുകൾ, സ്പീക്കറുകൾ, ഉപകരണങ്ങൾ എന്നിവ ഘടിപ്പിക്കൽ, കാൽനടക്കാർക്കായി നിശ്ചയിച്ച നടപ്പാതകളിലോ റോഡുകളിലോ വാഹനം ഓടിക്കുകയോ പാർക്ക് ചെയ്യുകയോ ചെയ്യുക, ഹൈവേകളിലോ റിങ് റോഡുകളിലോ മിനിമം വേഗപരിധിയേക്കാൾ കുറഞ്ഞ വേഗത്തിൽ വാഹനം ഓടിക്കൽ, സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിരിക്കൽ, ഡ്രൈവ് ചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കൽ തുടങ്ങിയവക്ക് തടവും പിഴയും ശിക്ഷയായി ലഭിക്കും.