കുവൈത്ത്: സാൽമിയയിലെ നാല് സൂപ്പർമാർക്കറ്റുകൾ കേടായ മാംസം വിറ്റതിന് അടച്ചുപൂട്ടി. ഈ സൂപ്പർമാർക്കറ്റുകൾ ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങൾ ലംഘിച്ചതായും കേടായതും മായം കലർന്നതുമായ മാംസം വിൽപന നടത്തിയതായും അധികൃതർ വ്യക്തമാക്കി. വിവിധ വിൽപന കേന്ദ്രങ്ങളിൽ വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വകുപ്പ് നടത്തിയ പരിശോധനയിലാണ് നടപടിസി സ്വീകരിച്ചത്.
നിരവധി ഉപഭോക്താക്കൾ പതിവായിവരുന്ന മാർക്കറ്റുകളാണിവ. നിയമലംഘകരെ പ്രോസിക്യൂഷന് കൈമാറുമെന്ന് അധികൃതർ വ്യക്തമാക്കി. അടുത്തിടെ മായംകലർന്ന ഭക്ഷണങ്ങൾ പിടിച്ചെടുക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി അധികൃതർ സൂചിപ്പിച്ചു. വാണിജ്യമന്ത്രാലയം ഇക്കാര്യത്തിൽ ജാഗ്രതപുലർത്തുന്നുണ്ട്. പരിശോധന തുടരുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.