കുവൈത്ത് സിറ്റി: ഫർവാനിയയിൽ കെട്ടിടത്തിന്റെ ബേസ്മെന്റിലുണ്ടായ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണ വിധേയമാക്കി. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ബേസ്മെന്റിലാണ് തീപിടിത്തമുണ്ടായതെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.
ബേസ്മെന്റിലെ മരപ്പണിയും മരവും സൂക്ഷിക്കുന്ന മുറിയിലാണ് തീപിടിത്തമുണ്ടായത്. സെൻട്രൽ ഓപറേഷൻസ് വകുപ്പിന് റിപ്പോർട്ട് ലഭിച്ച ഉടൻ ഫർവാനിയ, സുബ്ഹാൻ കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിശമന സേന സ്ഥലത്തെത്തി. കാര്യമായ പരിക്കുകളൊന്നും കൂടാതെ തീ നിയന്ത്രണ വിധേയമാക്കിയതായും ഫയർഫോഴ്സ് അറിയിച്ചു.