കുവൈത്ത്: കുവൈത്തിൽ കാലാവസഥ മാറ്റത്തിന്റെ സൂചനകൾ അനുഭവപ്പെട്ടു തുടങ്ങി. വൈകാതെ താപനില കുറഞ്ഞുവരുകയും കടുത്ത തണുപ്പുകാലത്തേക്ക് പ്രവേശിക്കുകയും ചെയ്യും. വ്യാഴാഴ്ച മുതൽ ചാറ്റൽമഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകൻ ഇസ റമദാൻ അറിയിച്ചു. ഉപരിതല ന്യൂനമർദവും ഈർപ്പമുള്ള അന്തരീക്ഷവും കാരണം വെള്ളി, ശനി, ഞായർ ദിവസങ്ങളിലും മഴ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ശൈത്യകാലം ഒക്ടോബർ 15ന് ആരംഭിക്കുമെന്ന് അൽ ഒജൈരി സയന്റിഫിക് സെന്റർ നേരത്തേ അറിയിച്ചിരുന്നു. ശൈത്യകാലം നാലു ഘട്ടങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഓരോ ഘട്ടവും 13 ദിവസം നീണ്ടുനിൽക്കും.
ഈ കാലയളവിൽ സൂര്യൻ തെക്കോട്ട് പോകുന്നത് തുടരും. അതിന്റെ ഫലമായി പകൽസമയത്ത് താപനില കുറയുകയും മിതമായ കാലാവസ്ഥ ആരംഭിക്കുകയും ചെയ്യും. മഞ്ഞുകാലത്തിന്റെ ആദ്യ സൂചനയായാണ് ഈ സീസണിനെ കണക്കാക്കുന്നത്.