കുവൈത്ത്: കുവൈത്തിൽ എയ്ഡ്‌സ് ബാധിതർക്ക് പ്രത്യേക പുതിയ ചികിത്സാ പദ്ധതി പ്രഖ്യാപിച്ചു. ദിവസേന ഗുളികകൾ കഴിക്കുക എന്നതിന് പകരം താല്പര്യമുള്ള രോഗികൾക്ക് രണ്ട് മാസത്തിൽ ഒരിക്കൽ കുത്തി വെപ്പ് നടത്തുന്ന ചികിത്സാ രീതിയാണ് ഇത്. പബ്ലിക് ഹെൽത്ത് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അൽ മുൻദിർ അൽ-ഹസ്സാവിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
എയ്ഡ്‌സും ലൈംഗിക രോഗങ്ങളും എന്ന വിഷയത്തിൽ നടത്തിയ വാർഷിക സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എയ്ഡ്‌സിനെ പ്രതിരോധിക്കുന്നതിന്റെ സൂചകങ്ങളിൽ കിഴക്കൻ മെഡിറ്ററേനിയൻ, വടക്കൻ ആഫ്രിക്ക മേഖലകളിൽ കുവൈത്തിന് ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.രാജ്യത്ത് എച്. ഐ .വി ബാധിതരിൽ 90 ശതമാനം പേരും രോഗ നിർണയം നടത്തിയവരോ അല്ലെങ്കിൽ തങ്ങൾ രോഗബാധിതരാണെന്ന ബോധ്യം ഉള്ളവരോ ആണ്. എച് ഐ. വി , എയ്ഡ്സ് എന്നിവയുമായി ബന്ധപ്പെട്ട് വൈദ്യ ശാസ്ത്ര രംഗത്തെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യുവാൻ ലക്ഷ്യമിട്ടു കൊണ്ടാണ് ആരോഗ്യ മന്ത്രാലയം എല്ലാ വർഷവും ഈ പരിപാടി സംഘടിപ്പിക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു.