കുവൈത്ത്: കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ സ്പോൺസർ ഷിപ്പ് മാറ്റം സാഹൽ ആപ്പ് വഴി ലഭ്യമാകും. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻഫർമേഷൻ സിസ്റ്റംസിന്റെയും നാച്ചുറലൈസേഷൻ ആന്റ് റെസിഡൻസി അഫയേഴ്സ് വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് പുതിയ സേവനം നടപ്പിലാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇത് പ്രകാരം ഗാർഹിക തൊഴിലാളിയുടെ താമസ രേഖ ഒരു സ്പോൺസറിൽ നിന്ന് മറ്റൊരു സ്പോൺസരുടെ കീഴിലേക്ക് സാഹൽ ആപ്പ് വഴി മാറ്റുവാൻ സാധ്യമാകും.ഈ സേവനം ആദ്യ ഘട്ടത്തിൽ സ്ത്രീ ഗാർഹിക തൊഴിലാളികൾക്ക് മാത്രമായിരിക്കും ലഭ്യമാകുക. അടുത്ത ഘട്ടത്തിൽ ഇത് പുരുഷ ഗാർഹിക തൊഴിലാളികൾക്കും ലഭ്യമാകും. ഈ ഇടപാട് തൊഴിലാളിയുടെ നിലവിലെ സ്പോൺസറിൽ നിന്നായിരിക്കും ആരംഭിക്കുക. തുടർന്ന് സഹൽ ആപ് വഴി , പുതിയ സ്പോൺസർക്ക് ലഭിക്കുന്ന അറിയിപ്പിലൂടെ സ്പോൺസർ ഷിപ്പ് മാറ്റ നടപടിക്രമങ്ങൾ പൂർത്തിയാക്കാം. പുതിയ സ്പോൺസറും തൊഴിലാളിയും തമ്മിൽ പുതിയ തൊഴിൽ കരാർ ഉണ്ടായിരിക്കണം. പുതിയ സ്പോൺസർ കുവൈത്തി പൗരനും വിവാഹിതനും 18 വയസ് പൂർത്തിയായ ആളുമായിരിക്കണം എന്നും ഇതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിബന്ധനകളിൽ വ്യക്തമാക്കുന്നു.