കുവൈത്ത്: ചൊവ്വാഴ്ച ബയാൻ പാലസിൽ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പ്രധാനമന്ത്രി, മുതിർന്ന മന്ത്രിമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ്, ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് അഹമ്മദ് ഫഹദ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവരുമായി പ്രത്യേക സമയങ്ങളിലാണ് കൂടിക്കാഴ്ച നടത്തിയത്.
പുതിയ മന്ത്രിസഭ രൂപവത്കരണത്തിന് പ്രധാനമന്ത്രിയെ നാമകരണം ചെയ്യുന്നതിനുമുമ്പ് ഭരണഘടനക്ക്
അനുസൃതമായി അമീർ നടത്തുന്ന പതിവ് കൂടിയാലോചയുടെ ഭാഗമാണ് കൂടിക്കാഴ്ച നടന്നതെന്നാണ് സൂചന. നേരത്തേ അമീർ സ്പീക്കർ, മുൻ സ്പീക്കർ, മുൻ പ്രധാനമന്ത്രിമാർ എന്നിവരുമായി ചർച്ചകൾ നടത്തിയിരുന്നു. ഡിസംബർ 20ന് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് രാജി സമർപ്പിച്ചിരുന്നു. അമീർ ഇത് അംഗീകരിക്കുകയും അദ്ദേഹത്തെ തന്നെ താൽക്കാലിക ചുമതല ഏൽപിക്കുകയും ചെയ്തിരുന്നു. പുതിയ മന്ത്രിസഭ രൂപവത്കരിക്കാൻ ശൈഖ് അഹ്മദിനെ വീണ്ടും നിയമിക്കണോ പ്രധാനമന്ത്രിയായി പുതിയ വ്യക്തി വേണോ എന്ന് അമീറിന് തീരുമാനമെടുക്കാം. പ്രധാനമന്ത്രിയാണ് മന്ത്രിസഭയിലെ അംഗങ്ങളെ നിശ്ചയിക്കുക. അതുവരെ നിലവിലുള്ള മന്ത്രിസഭ ചുമതല നിർവഹിക്കും.