കുവൈത്ത്: കുവൈത്തിൽ വില വർധനവ് സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി എല്ലാ ഗവർണറേറ്റുകളിലെയും മാർക്കറ്റുകളിൽ മന്ത്രാലയത്തിലെ നിരീക്ഷണ സംഘം പര്യടനം നടത്തും.
രാജ്യത്തെ പ്രധാന മാർക്കറ്റായ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ 160 കമേഴ്സ്യൽ സ്റ്റോറുകളിൽ കഴിഞ്ഞ ദിവസം മോണിറ്ററിങ് ടീം പരിശോധന നടത്തിയിരുന്നു. നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങൾ ഉടൻ അടച്ചുപൂട്ടുന്ന തരത്തിലുള്ള കർശന നടപടികൾ കൈക്കൊള്ളുമെന്നും വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഇത്തരത്തിൽ പിടികൂടുന്ന സ്റ്റോർ ഉടമകളെ കമേഴ്സ്യൽ പ്രോസിക്യൂഷന് റഫർ ചെയ്യും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടഞ്ഞു നിർത്താൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. വിവിധ ഉൽപന്നങ്ങളുടെ വിലകൾ ഉയർത്തി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് ഒരു രീതിയിലും അനുവദിക്കില്ല. അന്യായമായ വിലവർധന കണ്ടാൽ ഉപഭോക്താക്കൾ ഗവർണറേറ്റുകളിലെ ഉപഭോക്തൃ സംരക്ഷണ കേന്ദ്രങ്ങൾ വഴിയോ, വാണിജ്യ മന്ത്രാലയം ഹോട്ട്ലൈൻ നമ്പർ 135 വഴിയോ 55135135 എന്ന വാട്സാപ് നമ്പറിലോ ബന്ധപ്പെടണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.