കുവൈത്ത്: കുവൈത്തിന്റെ പുതിയ പ്രധാന മന്ത്രിയായി ഷെയ്ഖ് മുഹമ്മദ് സബാഹ് സാലിം നിയമിതനായി. അമീർ ഷെയ്ഖ് മിഷ്അൽ അഹമദ് അൽ സബാഹ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ദീർഘ കാലം കുവൈത്ത് വിദേശ കാര്യ മന്ത്രിയായിരുന്ന ഷെയ്ഖ് മുഹമ്മദ് അൽ സബാഹ് സാലിം മുൻ കുവൈത്ത് അമീർ ആയിരുന്ന സബാഹ് സാലിമിന്റെ പുത്രനാണ്. 69 കാരനായ അദ്ദേഹം അമേരിക്കയിലെ കാലിഫോർണിയയിലെ ക്ലെയർമോണ്ട് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
1979 നും 1985 നും ഇടയിൽ കുവൈത്ത് യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് കൊമേഴ്‌സ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് കോളേജിൽ ഇക്കണോമിക്‌സ് ഡിപ്പാർട്ട്‌മെന്റിൽ ടീച്ചിംഗ് അസിസ്റ്റന്റ്, മിഷൻ അംഗം തുടങ്ങിയ നിരവധി പദവികൾ വഹിച്ചു. തുടർന്ന് 1985-ൽ ഡിപ്പാർട്ട്‌മെന്റിൽ പ്രൊഫസറായി നിയമിതനായി.
1993-ൽ അമേരിക്കയിലെ കുവൈത്ത് അംബാസഡറായി നിയമിതനായി.പിന്നീട് 2001 ഫെബ്രുവരി 14 ന് കുവൈത്ത് വിദേശകാര്യ സഹമന്ത്രിയായി നിയമിതനാകുന്നതുവരെ ആ സ്ഥാനത്ത് തുടർന്നു. 2003 ജൂലായ് 14-ന് അദ്ദേഹം വിദേശകാര്യ മന്ത്രിയായും സാമൂഹിക-തൊഴിൽ മന്ത്രിയായും നിയമിതനായി.
2006 ഫെബ്രുവരി 9-ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായി നിയമിക്കപ്പെട്ടു 2006 ജൂലൈ, 2007 മാർച്ചിലും, 2007 ഒക്ടോബറിലും 2008 മെയ് മാസത്തിലും നടന്ന മന്ത്രി സഭാ പുനഃസംഘടനയിലും അതേ സ്ഥാനങ്ങളിൽ അദ്ദേഹം വീണ്ടും നിയമിക്കപ്പെട്ടു.
2009 ജനുവരി 12-ന് ഉപപ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, ആക്ടിംഗ് ഓയിൽ മന്ത്രി എന്നീ പദവികളും വഹിച്ചു. 2009 മെയ് 29-ന് അദ്ദേഹം ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായി വീണ്ടും നിയമിതനായി.
2011 മെയ് 8-ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായി നിയമിതനായ അദ്ദേഹം 2011 ഒക്ടോബർ വരെ ആ സ്ഥാനത്ത് തുടർന്നു.