കുവൈത്ത്: സബാഹ് അൽ അഹമ്മദ് മേഖലയിലെ മലിനജല പ്രതിസന്ധി വിജയകരമായി പരിഹരിച്ചതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി ഡോ. ജാസിം അൽ ഒസ്താദ് അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ പുതിയതായി പ്രവർത്തനക്ഷമമായ മലിനജല പമ്പിങ് സ്റ്റേഷൻ പ്രദേശത്തെ താമസക്കാർ നേരിടുന്ന വെല്ലുവിളികൾ ലഘൂകരിക്കും.
സബാഹ് അൽ അഹമ്മദിലെ മലിനജല പ്രതിസന്ധിയുടെ അനന്തരഫലങ്ങൾ വിശകലനം ചെയ്യാൻ പഠനം നടത്തുമെന്നും ഡോ.അൽ ഒസ്താദ് പറഞ്ഞു.
പാരിസ്ഥിതിക നാശം, മലിനജലം, അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകൾ, ശുദ്ധീകരിച്ച വെള്ളം എന്നിവയെക്കുറിച്ച് സമഗ്രമായ പഠനം നടത്തുന്നതിന് വസ്തുതാന്വേഷണ സമിതി രൂപവത്കരിക്കുമെന്നും അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് ആരോഗ്യകരമായ അന്തരീക്ഷം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും ഡോ. ജാസിം അൽ ഒസ്താദ് കൂട്ടിച്ചേർത്തു.