കുവൈത്ത്: കുവൈത്തിൽ വിദേശികൾക്ക് നിബന്ധനകളോടെ കുടുംബ വിസ അനുവദിക്കുന്നത് പ്രാബല്യത്തിലായതിന് പിന്നാലെ എല്ലാ തരത്തിലുള്ള സന്ദർശന വിസ അനുവദിക്കുന്നതും ഉടൻ പുനരാരംഭിക്കും. ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ജനസംഖ്യ ക്രമീകരണങ്ങളുടെയും മറ്റും കാരണങ്ങളാൽ ഏതാനും വർഷങ്ങളായി കുവൈത്തിൽ വാണിജ്യ, ടുറിസ്റ്റ് ,കുടുംബ സന്ദർശന വിസകൾ അനുവദിക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്. ഈ വിലക്ക് മാറ്റി വിദേശികൾക്ക് ഏതു രീതിയിലും കുവൈത്ത് സന്ദർശിക്കാനുള്ള സാഹചര്യമൊരുക്കുന്നതിനെ കുറിച്ച് പഠനം നടക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യത്തിൽ മറ്റ് ജി സി സി രാജ്യങ്ങളുടെ ഉദാര നയം പിന്തുടരാനും അതുവഴി രാജ്യത്തിന്റെ സാമ്പത്തിക- വാണിജ്യ മേഖലകളിലെ നേട്ടങ്ങളുമാണ് കുവൈത്ത് ലക്ഷ്യമാക്കുന്നത്.
വിവിധ സാമൂഹിക, സുരക്ഷ മാനദണ്ഡങ്ങൾ കണക്കിലെടുത്ത് നിയന്ത്രണങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി സന്ദർശന വിസയ്ക്കുള്ള വാതിൽ വീണ്ടും തുറക്കുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.