കുവൈത്ത്: കുവൈത്തിൽ പ്രവാസികൾക്ക് കുടുംബ വിസകളും, വാണിജ്യ,വിനോദ സഞ്ചാര,കുടുംബ സന്ദർശന വിസകളും അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ ഉടൻ തന്നെ ഇളവുകൾ വരുത്തിയേക്കും. ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അടുത്ത ജൂൺ മാസത്തോടെ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നും പത്രം റിപ്പോർട്ട് ചെയ്തു. സ്പോൺസറുടെ ശമ്പളവുമായി ബന്ധപ്പെട്ട നിബന്ധനകളിലാണ് പ്രധാനമായും ഭേദഗതി വരുത്തുവാൻ ആലോചിക്കുന്നത്. നിലവിൽ കുടുംബ വിസ ലഭിക്കുന്നതിനു സ്പോൺസർക്ക് 800 ദിനാറും ഭാര്യ, കുട്ടികൾ, മാതാപിതാക്കൾ എന്നിവർക്ക് കുടുംബ സന്ദർശക വിസ ലഭിക്കുന്നതിനു 500 ദിനാറും ഉണ്ടായിരിക്കണമെന്നാണ് പ്രധാന വ്യവസ്ഥ.ഇതിനു പുറമെ കുടുംബ വിസ ലഭിക്കുന്നതിന് യൂണിവേഴ്സിറ്റി ബിരുദവും താമസ രേഖയിൽ ബിരുദവുമായി പൊരുത്തപ്പെടുന്ന പദവിയും ആയിരിക്കണം എന്നും വ്യവസ്ഥയുണ്ട്.
രാജ്യത്തെ വാണിജ്യ, വിനോദ സഞ്ചാര മേഖലകൾ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2 വർഷമായി നിർത്തി വെച്ച കുടുംബ, സന്ദർശക വിസകൾ കഴിഞ്ഞ മാസം പുനരാരംഭിച്ചത്.എന്നാൽ വിസകൾ അനുവദിക്കുന്നതിനു ഏർപ്പെടുത്തിയ കടുത്ത നിബന്ധനകൾ കാരണം ഒരു മാസമായിട്ടും അപേക്ഷകരിൽ നിന്ന് കാര്യമായ പ്രതികരണം ലഭിച്ചിട്ടില്ല.ഈ സാഹചര്യത്തിലാണ് വിസ അനുവദിക്കുന്നതിനു ഏർപ്പെടുത്തിയ നിബന്ധനകളിൽ അയവ് വരുത്താൻ നീക്കം നടക്കുന്നത്.