കുവൈത്ത്: അടുത്ത മാസം 9 മുതൽ ആരംഭിക്കുന്ന അഞ്ചു ദിവസത്തെ ഈദുൽ ഫിതർ അവധിയിൽ 273,000 പേർ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുമെന്ന് റിപ്പോർട്ട്. സ്വദേശികളും വിദേശികളുമുൾപ്പെടെ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര നടത്തുന്നവരുടെ കണക്കാണിത്.
വിവിധ ട്രാവൽ ഏജൻ സികളിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ സിവിൽ ഏവിയേഷൻ ആണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ഇത്രയും യാത്രക്കാർക്കുവേണ്ടി വിവിധ വിമാനക്കമ്പനികളുടെ 2037 യാത്ര ഷെഡ്യൂളുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ദുബായ്, കെയ്‌റോ, ജിദ്ദ, ഇസ്താംബുൾ, ദോഹ തുടങ്ങിയ നഗരങ്ങളിലേക്കാണ് സ്വദേശികളിൽ ഭൂരിഭാഗവും യാത്ര ടിക്കറ്റുകൾ ബുക്ക് ചെയ്തിരിക്കുന്നത്.
അതിനിടെ വിമാനത്താവളത്തിലെത്തുന്ന മുഴുവൻ യാത്രക്കാർക്കും മതിയായ സൗകര്യവും സംവിധാനങ്ങളും ഒരുക്കാൻ വിമാനത്താവളത്തിലെ മുഴുവൻ ജീവനക്കാരും സന്നദ്ധരായിരിക്കുമെന്ന് സിവിൽ ഏവിയേഷനിലെ ഔദ്യോഗിക വക്താവ് അബ്ദുല്ലാഹ് അൽ രാജിഹീ പറഞ്ഞു . അടുത്ത മധ്യവേനൽ സീസണിൽ ഇന്ത്യയിൽനിന്നുള്ള ആകാശ് വിമാനകമ്പനിയുൾപ്പെടെ കുവൈത്തിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കുമെന്ന് ഏവിയേഷൻ അധികൃതർ വ്യക്തമാക്കി.