കുവൈത്ത്: കുവൈത്തിൽ നിന്ന് സൗദി തലസ്ഥാനമായ റിയാദിലേക്കുള്ള റെയിൽവേ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് ഈ വര്ഷം അവസാനമോ അടുത്ത വര്ഷം ആദ്യത്തിലോ തുടക്കം കുറിക്കുമെന്ന് അധികൃതർ അറിയിച്ചു. പദ്ധതിയുടെ സാമ്പത്തികവും സാങ്കേതികവുമായ കാര്യങ്ങളെ കുറിച്ചുള്ള പ്രത്യേക പഠനം വേഗത്തിൽ പൂർത്തിയാക്കാൻ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല അൽ ജൗഹാൻ പൊതുമരാമത്ത് മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ പഠന റിപ്പോർട്ടിന്റെ 80 ശതമാനവും ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട് .പദ്ധതിയുടെ രൂപരേഖയും പ്രാഥമിക കരാറുകളും ഉൾപ്പെടെ പദ്ധതി ആരംഭിക്കുന്നതിനാവശ്യമായ എല്ലാ കാര്യങ്ങളും ഈ വർഷം മെയ് 16 നു മുമ്പ് പൂർത്തിയാക്കണമെന്നാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം . അതിനിടെ കുവൈത്ത്- സൗദി റെയിൽ പാത നിർദിഷ്ട ജി സി സി റയിൽവേ പദ്ധതിയുടെ ഭാഗമായിരിക്കില്ലെന്നും തികച്ചും വിത്യസ്തമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കുവൈത്തിൽ നിന്ന് റിയാദിലേക്ക് 700 കിലോമീറ്റർ ദൂരമാണുള്ളത് . ഇരു രാജ്യങ്ങൾക്കുമിടയിലെ റെയിൽവേ പദ്ധതി യാഥാർഥ്യമാകുന്നതോടെ പരമാവധി രണ്ടര മണിക്കൂർ കൊണ്ട് കുവൈത്തിൽ നിന്ന് സൗദിയിലേക്കും തിരിച്ചും എത്തിച്ചേരാൻ സാധിക്കും .