കുവൈത്ത്: ഇന്ത്യയും കുവൈത്തും തമ്മിലുള്ള സാമ്പത്തിക, നിക്ഷേപമേഖലയിലെ ബന്ധം അടുത്തിടെയായി കൂടുതൽ ശക്തിപ്പെട്ടതായി കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ഡോ.ആദർശ് സ്വൈക്കിയ. കഴിഞ്ഞ ദിവസം നടന്ന കുവൈത്ത്- ഇന്ത്യ നിക്ഷേപവുമായി ബന്ധപ്പെട്ട രണ്ടാമത് സമ്മേളനത്തിന്റെ ആദ്യ സെക്ഷനിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
2047-ഓടെ ഒരു വികസിത രാജ്യമാവാൻ കുതിക്കുന്ന ഇന്ത്യയും 2035 ലേക്ക് പുതിയ കാഴ്ചപ്പാടോടെ കുതിക്കുന്ന കുവൈത്തും മാറിക്കൊണ്ടിരിക്കുന്നതിനാൽ കുവൈത്തിന്റെ മണ്ണിൽ നടക്കുന്ന ഈ സമ്മേളനത്തിന് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 3.5 ട്രില്യൺ ഡോളറിൻ്റെ ആഭ്യന്തര ഉൽപ്പാദനവുമായി ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി കണക്കാക്കപ്പെടുന്ന ഇന്ത്യ 2027-2028 ഓടെ മൂന്നാം സ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2022-2023 വർഷത്തിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള വ്യാപാര വിനിമയം ഏകദേശം 14 ബില്യൺ ഡോളറിലെത്തിയിട്ടുണ്ട് . ഇരുരാജ്യങ്ങൾക്കിടയിലെ വ്യാപാര – വാണിജ്യ സഹകരണവും അതുകാരണമായുള്ള വളർച്ചയും കൂടിവരുന്നതായാണ് ഇത് കാണിക്കുന്നതെന്നും സ്ഥാനപതി കൂട്ടിച്ചേർത്തു .രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ ജനറൽ ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി, കുവൈത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, കുവൈറ്റ് ഇൻവെസ്റ്റ്‌മെൻ്റ് കമ്പനീസ് യൂണിയൻ എന്നിവയുടെ പ്രതിനിധികളും നിക്ഷേപ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുമാണ് പങ്കെടുക്കുന്നത് .