മൻഗഫിൽ അഗ്നിബാധയിൽ മരണപ്പെട്ട ജീവനക്കാരൻ ബിഹാർ ദർബംഗ സ്വദേശിയായ കലുക്ക (32) ആണെന്ന് ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഡി.എൻ.എ പരിശോധന നടപടിക്രമങ്ങൾക്ക് വേണ്ടി സഹോദരൻ ഷാരൂഖ് ഖാനെ കഴിഞ്ഞ ദിവസം എൻ.ബി.ടി.സി അധികൃതർ കുവൈത്തിലെത്തിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കലുക്കയെ തിരിച്ചറിഞ്ഞത്.
ഏഴ് വർഷമായി എൻ.ബി.ടി.സിയിൽ ജീവനക്കാരനായിരുന്നു കലുക്ക. എൻ.ബി.ടി.സി ഹൈവേ സെൻററിൽ സെയിൽസ്മാനായി ജോലി ചെയ്തുവരുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം തിങ്കളാഴ്ച രാത്രി 8.15നുള്ള എയർ ഇന്ത്യ വിമാനത്തിൽ മുംബൈ വഴി പട്നയിലേക്ക് മൃതദേഹം എത്തിക്കുമെന്ന് എൻ.ബി.ടി.സി അറിയിച്ചു. കലുക്കയുടെ സഹോദരനും ഇതേ വിമാനത്തിൽ നാട്ടിലേക്ക് തിരിക്കും. എൻ.ബി.ടി.സി അടിയന്തര ധനസഹായമായ എട്ടു ലക്ഷം കലുക്കയുടെ കുടുംബത്തിന് കൈമാറും. സംസ്കാര ചടങ്ങുകൾക്കാവശ്യമായ തുക കലുക്കയുടെ സഹോദരന് കൈമാറിയതായും എൻ.ബി.ടി.സി അറിയിച്ചു.