കുവൈത്ത് സിറ്റി: കുവൈത്തിൽ ജം ഇയ്യകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന പ്രവാസികൾക്കും ഇനി പോയിന്റ് അടിസ്ഥാനത്തിലുള്ള റിവാർഡ് ലഭിക്കും. ജം ഇയ്യകളിൽ നിന്നുള്ള വാങ്ങലുകൾക്ക് പ്രവാസികൾക്ക് 3 ശതമാനവും പൗരന്മാർക്ക് 10 ശതമാനവും പോയിന്റ് അടിസ്ഥാനത്തിലുള്ള റിവാർഡ് ലഭിക്കും. ജം ഇയ്യകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമാക്കി ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി സാമൂഹിക ക്ഷേമ കാര്യ, മന്ത്രാലയം അവതരിപ്പിക്കുന്ന പുതിയ സംവിധാനത്തിലാണ് ഈ ആനുകൂല്യം ലഭ്യമാക്കുന്നത്.
ഇത്തരത്തിൽ ലഭിക്കുന്ന പോയിന്റുകൾ വിവിധ ആനുകൂല്യങ്ങൾക്കും ഇളവുകൾക്കുമായി പിന്നീട് ഉപയോഗിക്കാൻ കഴിയും. ഇത് സംബന്ധിച്ച നിർദേശങ്ങൾക്ക് അന്തിമരൂപം നൽകിയത് മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ഡോ. ഖാലിദ് അൽ-അജ്മിയുടെ അധ്യക്ഷതയിൽ രൂപീകരിച്ച പ്രത്യേക സമിതിയാണ്. സാമൂഹിക ക്ഷേമ കാര്യ മന്ത്രി ഡോ. അംതാൽ അൽ-ഹുവൈലയുടെ നിർദേശപ്രകാരമായിരുന്നു നടപടി. പുതിയ ഭേദഗതികൾ വഴി ലക്ഷ്യമിടുന്നത് ജം ഇയ്യകളുടെ പ്രവർത്തനരീതികൾ, അംഗങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ, സേവനങ്ങളുടെ സുതാര്യത എന്നിവ മെച്ചപ്പെടുത്തുകയാണ്.








