കുവൈത്ത് സിറ്റി: കുവൈത്തിലെ 5 റെസിഡൻഷ്യൽ വീടുകൾക്കുള്ളിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന 7 അനധികൃത ഭക്ഷണശാലകൾക്കെതിരെ നടപടി. ക്യാപിറ്റൽ ഗവർണറേറ്റിലാണ് സംഭവം. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ആണ് ഇതുസംബന്ധിച്ച പരിശോധന നടത്തിയത്. പരിശോധനയിൽ 33 നിയമ ലംഘന റിപ്പോർട്ടുകളും പുറപ്പെടുവിച്ചു.
ഭക്ഷ്യസ്ഥാപനങ്ങൾ നിരീക്ഷിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി അതോറിറ്റിയുടെ ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്‌പെക്ഷൻ ഡിപ്പാർട്ട്‌മെന്റാണ് പരിശോധനാ ക്യാമ്പെയ്ൻ നടത്തിയത്. ആരോഗ്യ ലൈസൻസില്ലാതെ ഭക്ഷ്യ ബിസിനസുകൾ നടത്തുക, മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണം വിതരണം ചെയ്യൽ, ശുചിത്വ മാനദണ്ഡങ്ങളുടെ ലംഘനം, സാധുവായ ആരോഗ്യ സർട്ടിഫിക്കറ്റുകളില്ലാതെ തൊഴിലാളികളെ നിയമിക്കൽ തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും ഭക്ഷ്യ സുരക്ഷാ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനും സുരക്ഷിതമല്ലാത്ത ഭക്ഷണ രീതികളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമായി ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി ഏകോപിപ്പിച്ച് പരിശോധനാ ക്യാമ്പെയ്‌നുകൾ തുടരുമെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ കൂട്ടിച്ചേർത്തു.








