കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി സ്ത്രീയെ താമസസ്ഥലത്ത് വെച്ച് ബലാത്സംഗം ചെയ്യുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്‌തെന്ന പരാതിയിൽ പ്രവാസി യുവാവ് അറസ്റ്റിൽ. ഫിലിപ്പീൻസ് സ്വദേശിനി നൽകിയ പരാതിയിൽ ഈജിപ്ഷ്യൻ പ്രവാസിയാണ് അറസ്റ്റിലായത്. സൗത്ത് നുഗ്ര ക്ലിനിക്കിൽ ഗുരുതരമായ മാനസികാഘാതവും ശാരീരിക അസ്വസ്ഥതകളുമായി ഒരു സ്ത്രീ എത്തിയതിനെ തുടർന്ന് ക്ലിനിക്ക് അധികൃതർ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് വിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ക്ലിനിക്കിലെത്തി യുവതിയിൽ നിന്ന് മൊഴിയെടുത്തു.
തന്റെ താമസസ്ഥലത്ത് വെച്ച് ഈജിപ്ഷ്യൻ പ്രവാസി ബലാത്സംഗം ചെയ്യുകയും മർദിക്കുകയും ചെയ്തതായി ഇവർ പോലീസിന് മൊഴി നൽകി. പിന്നീട് കൂടുതൽ വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കുമായി യുവതിയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ശേഷം നടത്തിയ അന്വേഷണത്തിൽ ഈജിപ്ഷ്യൻ പ്രവാസിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർ നിയമനടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.








