കുവൈത്ത് സിറ്റി: കുവൈത്തിൽ അശ്രദ്ധമായി വാഹനമോടിച്ചയാൾ അറസ്റ്റിൽ. അൽ-ഖുറൈൻ പ്രദേശത്താണ് സംഭവം. വാഹനം കണ്ടുകെട്ടി ക്രഷറിലേക്ക് അയച്ചു. ഇയാൾ അശ്രദ്ധമായി വാഹനമോടിക്കുന്ന ദൃശ്യങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷമാണ് നടപടി.
വാഹനമോടിച്ചയാൾക്കെതിരെ ഗതാഗത നിയമ ലംഘനത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർ നടപടികൾ പൂർത്തിയാക്കി ഇയാളെ സെൻട്രൽ ജയിലേക്ക് അയച്ചു. അശ്രദ്ധമായ ഡ്രൈവിംഗ് തടയുന്നതിനും എല്ലാ റോഡ് ഉപയോഗക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
റോഡിൽ മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുന്ന ഏതൊരാൾക്കുമെതിരെ നിയമ നടപടി സ്വീകരിക്കാൻ മടിക്കില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വാഹന ഉടമകളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.








