കുവൈത്ത് സിറ്റി: കുവൈത്തിൽ ഡെലിവെറി പ്ലാറ്റ്ഫോമുകൾക്ക് പുതിയ നിയന്ത്രണങ്ങൾ. ഉപഭോക്തൃ സംരക്ഷണം ശക്തമാക്കുന്നതിനും വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുന്നതിനുമായാണ് ഡെലിവെറി പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. വാണിജ്യ, വ്യവസായ മന്ത്രി ഒസാമ ബൂദായ് ആണ് ഈ പുതിയ ചട്ടങ്ങൾക്ക് അംഗീകാരം നൽകിയത്.
ഉൽപന്നങ്ങൾ പ്രദർശിപ്പിച്ച് ഓർഡറുകളും വിതരണവും നടത്തുന്ന എല്ലാ പ്ലാറ്റ്ഫോമുകൾക്കും ഈ ചട്ടം ബാധകമായിരിക്കും. എന്നാൽ റെസ്റ്റോറന്റ് ഡെലിവറികളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ ലൈസൻസുള്ള എല്ലാ പ്ലാറ്റ്ഫോമുകളും 2026 സെപ്റ്റംബർ ഒന്നിനകം തങ്ങളുടെ രജിസ്ട്രേഷൻ പുതുക്കണമെന്നും നിലവിലുള്ള കരാറുകൾ പുതിയ ചട്ടങ്ങൾക്ക് വിധേയമായി മാറ്റണമെന്നും മന്ത്രാലയം വ്യക്തമാക്കി.
കമ്മീഷനും മറ്റ് ചാർജുകളും ചേർന്ന ആകെ തുക ഓർഡർ മൂല്യത്തിന്റെ 17 ശതമാനത്തിൽ കൂടാൻ പാടില്ലെന്നാണ് പുതിയ നിയമത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. ഒരു ഓർഡറിന്റെ ഡെലിവറി ഫീസ് പരമാവധി ഒരു ദിനാറായി നിജപ്പെടുത്തുകയും ചെയ്തു. വ്യാപാരികൾ സ്വന്തം നിലയിലാണ് ഡെലിവറി നടത്തുന്നതെങ്കിൽ പ്ലാറ്റ്ഫോമുകൾക്ക് ഈടാക്കാവുന്ന കമ്മീഷൻ 10 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. സ്വന്തമായി ഡെലിവറി നടത്തുന്ന വ്യാപാരികൾക്ക് മേൽ പിഴ ചുമത്താനോ പ്ലാറ്റ്ഫോം സേവനങ്ങൾ ഉപയോഗിക്കാൻ അവരെ നിർബന്ധിക്കാനോ പാടില്ലെന്നും പുതിയ നിയമത്തിൽ പറയുന്നു.
അതേസമയം, വിലയും കമ്മീഷനും കൃത്യമായി പരിശോധിക്കാനും ആവശ്യമെങ്കിൽ ഓഡിറ്റ് നടത്താനും വാണിജ്യ മന്ത്രാലയത്തിന് പൂർണ്ണ അധികാരമുണ്ടായിരിക്കും.








