കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ നൽകുന്ന കോൺസുലർ സേവനങ്ങൾ ജൂലൈ 19 വരെ നീട്ടി. അടിയന്തര സേവനങ്ങൾ മാത്രമാണ് ഈ കാലയളവിൽ ലഭിക്കുന്നത്. കോൺസുലർ വിഭാഗം രാവിലെ 9 മുതൽ 12 വരെ മാത്രമേ അടിയന്തര കേസുകൾ പരിഗണിക്കൂവെന്നാണ് എംബസി വ്യക്തമാക്കുന്നത്. നിലവിൽ സ്വീകരിക്കുന്നത് തത്കാൽ പാസ്പോർട്ട്, എൻ.ആർ.ഐ സർട്ടിഫിക്കറ്റ്, ഇ-വിസ അപേക്ഷകൾ മാത്രമാണ്. സാധാരണ പാസ്പോർട്ട്, അറ്റസ്റ്റേഷൻ, റെഗുലർ വിസ സേവനങ്ങൾ ഈ കാലയളവിൽ ലഭ്യമാകില്ല.
ജൂലൈ ഒന്ന് മുതൽ കോൺസുലർ സേവനങ്ങളുടെ കരാർ ഡി.യു ഗ്ലോബൽ ഡിജിറ്റൽ കമ്പനിക്ക് നൽകിയിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ സേവനങ്ങൾ എംബസിയിൽ നിന്ന് നൽകിവരികയാണ്. ഈ ക്രമീകരണമാണ് ഇപ്പോൾ ജൂലൈ 19 വരെ ദീർഘിപ്പിച്ചത്. ഐ.സി.എ.സി കേന്ദ്രങ്ങൾ അടുത്ത അറിയിപ്പ് വരെ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് എംബസി അറിയിച്ചു.








