കുവൈത്ത് സിറ്റി: അനുവദനീയമായ ഭാരപരിധി ലംഘിച്ചും നിശ്ചിത ട്രാക്കുകൾ തെറ്റിച്ചും സർവീസ് നടത്തുന്ന ട്രക്കുകൾ കാരണം റോഡ് ശൃംഖലയ്ക്കുണ്ടാകുന്ന വലിയ നാശനഷ്ടങ്ങൾക്ക് പരിഹാരം കാണാനൊരുങ്ങി കുവൈത്ത്. ട്രക്കുകളുടെ ഭാരം പരിശോധിക്കുന്നതിനുള്ള വെയ്യിംഗ് സ്റ്റേഷനുകൾ, അവയുടെ റൂട്ടുകൾ, അനുബന്ധ സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനത്തിനും രൂപകൽപ്പനയ്ക്കുമായി സമഗ്രമായ ടെൻഡർ പുറപ്പെടുവിക്കാനാണ് കുവൈത്തിന്റെ തീരുമാനം. പൊതുമരാമത്ത് മന്ത്രാലയമാണ് ഈ നീക്കം നടത്തുന്നത്.
അമിതഭാരം കയറ്റിയുള്ള വലിയ വാഹനങ്ങളുടെ സഞ്ചാരം കാരണം റോഡുകളിൽ കുഴികൾ രൂപപ്പെടുന്നത് ഉൾപ്പെടെ ഗുരുതരമായ തകരാറുകൾ ഉണ്ടാകുന്നുണ്ട്. ഇത് പരിഹരിക്കാൻ പ്രതിവർഷം ലക്ഷക്കണക്കിന് കുവൈത്ത് ദിനാർ ചെലവഴിക്കുന്നു. ദേശീയ റോഡ് ശൃംഖലയെ സംരക്ഷിക്കുക, റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, ടാറിംഗിന്റെ ആയുസ്സ് വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് ട്രക്ക് ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള സുസ്ഥിരമായ സാങ്കേതിക പരിഹാരങ്ങൾ കണ്ടെത്തുകയാണ് പദ്ധതിയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ട്രക്കുകളുടെ എണ്ണം, തരം, റൂട്ടുകൾ എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ സാങ്കേതിക-ഫീൽഡ് പഠനങ്ങൾ നടത്തും. ഈ വിവരങ്ങൾ അടിസ്ഥാനമാക്കി ഭാവിയിൽ റോഡ് നിർമ്മാണവും അറ്റകുറ്റപ്പണികളും കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയും.
ജനവാസ മേഖലകളിലും നഗരങ്ങളിലും ഉള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ട്രക്ക് ഗതാഗതവും അവയുടെ അനുബന്ധ സംവിധാനങ്ങളും നഗരത്തിന് പുറത്തേക്ക് തിരിച്ചുവിടാനും പദ്ധതി ലക്ഷ്യമിടുന്നു. ഡിജിറ്റൽ സംവിധാനത്തിലൂടെ ട്രക്കുകളുടെ ഭാരം അളക്കാനും അവ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള സ്മാർട്ട് മോണിറ്ററിംഗ് സംവിധാനങ്ങളും ഇതിന്റെ ഭാഗമായി നടപ്പിലാക്കും. ഈ പദ്ധതിയുടെ ആകെ ചെലവ് 75,000 കുവൈത്ത് ദിനാറിന് മുകളിലാണ്. അതിനാൽ സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്‌സുമായി ചേർന്നാണ് മന്ത്രാലയം ടെൻഡർ നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നത്.








