കുവൈത്ത് സിറ്റി: സെൻട്രൽ ജയിലുകളിലെ തടവുകാർക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ‘ഫാമിലി ഹൗസ്’ പദ്ധതി നടപ്പാക്കുമെന്ന് കുവൈത്ത്. ആഭ്യന്തര മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ബ്രിഗേഡിയർ ജനറൽ ഫഹദ് അൽ-ഒബൈദാണ് ഇക്കാര്യം അറിയിച്ചത്.
സെൻട്രൽ ജയിൽ വളപ്പിനുള്ളിൽ തന്നെ പ്രത്യേക സ്ഥലത്താവും ഫാമിലി ഹൗസ് നടപ്പിലാക്കുക. നാഷണൽ ബ്യൂറോ ഫോർ ഹ്യൂമൻ റൈറ്റ്‌സ്, ബിൽഡിംഗ് സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ശിക്ഷിക്കപ്പെട്ട് ദീർഘകാലം തടവിൽ കഴിയുന്നവർക്ക് കുടുംബാംഗങ്ങൾക്ക് ഒപ്പം ഒത്ത് ചേരാൻ സമയം അനുവദിക്കുന്ന പദ്ധതിയാണിത്.
അതേസമയം, ജയിൽ സമുച്ചയത്തിനുള്ളിൽ ടെലിഫോൺ അടക്കമുള്ളവയുടെ ദുരുപയോഗം തടയാനായി വിവിധ-സർക്കാർ എജൻസികളുമായി ചർച്ച നടത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ നടപടികളും,ചട്ടങ്ങളും പാലിച്ച് എത്രയും വേഗം അവ നടപ്പാക്കുമെന്ന് അധികൃതർ വിശദമാക്കി.