കുവൈത്ത് സിറ്റി: കുവൈത്തിൽ ക്യാമ്പിംഗ് സീസണിന് തുടക്കം കുറിച്ചു. നവംബർ 15 മുതൽ മാർച്ച് 15 വരെയാണ് ക്യാമ്പിംഗ് സീസൺ നടക്കുക. മരുഭൂമിയിൽ ശൈത്യകാല തമ്പുകളിൽ താമസിക്കുന്ന സീസണിന് ആവശ്യമായ നടപടികൾ സ്വീകരിച്ചതായി കുവൈത്ത് മുനിസിപ്പാലിറ്റി ഔദ്യോഗിക വക്താവ് മുഹമ്മദ് സന്ദൻ വ്യക്തമാക്കി.
മരുപ്രദേശങ്ങളിൽ മാത്രമാണ് തമ്പുകൾ പണിയാൻ അനുമതിയുള്ളത്. സർക്കാർ ഏകീകൃത ആപ്ലിക്കേഷനായ സഹ്ല് വഴിയോ, കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോയാണ് ക്യാമ്പിംഗ് സൈറ്റുകൾക്ക് അപേക്ഷ സമർപ്പിക്കേണ്ടത്.
ക്യാമ്പിംഗ് നിയമങ്ങൾ ലംഘിക്കുകയോ അനുമതിയില്ലാതെ ശൈത്യകാല ക്യാമ്പുകൾ സ്ഥാപിക്കുകയോ ചെയ്യുന്നവർക്ക് 3,000 മുതൽ 5,000 ദിനാർ വരെ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. സ്പ്രിംഗ് ക്യാമ്പ് കമ്മിറ്റി തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ചെറുകിട, ഇടത്തരം ബിസിനസുകൾക്കും റസ്റ്റോറന്റ്, കഫേ മേഖലകളിലെ കമ്പനികൾക്കും ക്യാമ്പിംഗ് ഏരിയയിൽ പ്രത്യേക സ്ഥലങ്ങൾ ഉപയോഗിക്കാൻ അനുവദിക്കും.