കുവൈത്ത് സിറ്റി: മത്സ്യ മാർക്കറ്റിലെ ലേല നടപടികളിൽ ഭേദഗതി വരുത്തി കുവൈത്ത്. വ്യക്തികളും സ്ഥാപനങ്ങളും ലേല സൂപ്പർവൈസറിൽ നിന്ന് വിസിറ്റിംഗ് പാർട്ടിസിപ്പന്റ് കാർഡ് വാങ്ങണമെന്ന് പുതിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
ഒരു വർഷത്തേക്ക് കാലാവധിയുള്ള കാർഡിന് 30 ദിനാർ വാർഷിക ഫീസ് ഈടാക്കും. ഓരോ വർഷവും 15 ദിനാർ നൽകി കാർഡ് പുതുക്കാവുന്നതാണ്. ഓരോ ലേലത്തിനും മുമ്പ് സ്ഥാപനങ്ങൾ 20 ദിനാർ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നൽകണം. ലേലം അവസാനിപ്പിച്ചതിനുശേഷം ഈ തുക റീഫണ്ട് ചെയ്യും.
വിൽപ്പന ഡേറ്റ് ഉൾപ്പെടുന്ന പ്രതിദിന ലേല റിപ്പോർട്ട് സമർപ്പിക്കണമെന്നും പുതിയ നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ കാർഡ് പിൻവലിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പുതിയ വ്യവസ്ഥകൾ ബാധകമാണ്.