കുവൈത്തിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതിയായ ജഹ്റ നേച്ചർ റിസർവ് ശൈത്യകാലത്ത് പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു. ശൈത്യകാലം കഴിയുന്നതുവരെ ഇവിടം സന്ദർശിക്കാം.
പരിസ്ഥിതി പൊതു അതോറിറ്റിയുടെ @epa_kw എന്ന സൈറ്റുവഴി ടിക്കറ്റ് ബുക്ക് ചെയ്താണ് ജഹ്റ നേച്ചർ റിസർവിലെത്തേണ്ടത്. സഹൽ ആപ് വഴിയും ബുക്ക് ചെയ്യാം. അഞ്ച് ആളുകൾ വരെയുള്ള ഒരു ഗ്രൂപ്പിന് 10 ദീനാർ ആണ് ഫീസ്. റിസർവിൽ മൂന്ന് നിരീക്ഷണ ഔട്ട്പോസ്റ്റുകളുണ്ട്. സന്ദർശനം ബുക്ക് ചെയ്യുമ്പോൾ ഒരെണ്ണം തിരഞ്ഞെടുക്കണം. ഓരോ സന്ദർശനവും ഒന്നര മണിക്കൂർ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്രദേശം റിസർവ് ആയതിനാൽ സന്ദർശകർക്ക് കർശന നിയന്ത്രണങ്ങളുണ്ട്. ആളുകളെ സ്വന്തമായി അലഞ്ഞുതിരിയാൻ അനുവദിക്കില്ല. തിരഞ്ഞെടുത്ത ഏരിയകളിലേക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ.