കുവൈത്ത് സിറ്റി: കുവൈത്തിൽ ‘ ഷെയ്ഖ് ‘ചമഞ്ഞു നിരവധി സ്ത്രീകളെ വഞ്ചിച്ച ബിദൂനി അറസ്റ്റിലായി. 28 കാരിയായ യുവതിയെ ഭീഷണിപ്പെടുത്തി പണവും ആഢംബര വസ്തുക്കളും കൈക്കലാക്കിയ കേസിലാണ് ഇയാളുടെ മറ്റു തട്ടിപ്പുകളും പുറത്തായത്. 2023 ലാണ് രാജ്യത്തെ പ്രമുഖ ഷോപ്പിംഗ് കോംപ്ലക്‌സിൽ വെച്ച് ഇയാൾ യുവതിയുമായി കണ്ടുമുട്ടിയത്. രാജ്യത്തെ ഭരണകുടുംബത്തിലെ പ്രമുഖരുടെ കൂടെയുള്ള ഫോട്ടോകൾ കാട്ടി താൻ രാജ കുടുംബാംഗമാണെന്നായിരുന്നു ഇയാൾ പരിചയപ്പെടുത്തിയത്.
തുടർന്ന് ഇരുവരും തമ്മിലുള്ള ബന്ധം വളരുകയും വിവിധ ഘട്ടങ്ങളിലായി ഇയാൾ യുവതിയിൽ നിന്ന് 15,000 ദിനാർ കൈക്കലാക്കുകയുമായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താൻ റിയൽ എസ്റ്റേറ്റ് വസ്തുക്കൾ വാങ്ങിയതായി ഇയാൾ യുവതിയെ ധരിപ്പിച്ചു. തൽക്കാലം സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ഇതിനാൽ പണം നൽകി സഹായിക്കുവാനും ആവശ്യപ്പെട്ടു. ഇത്തരത്തിൽ അഞ്ചോളം തവണകളായാണ് ഇയാൾ യുവതിയിൽ നിന്ന് പതിനഞ്ചായിരം ദിനാർ തട്ടിയെടുത്തത്.
ഇതിനു പുറമെ കഴിഞ്ഞ സെപ്റ്റംബറിൽ iPhone 16 സമ്മാനമായി വാങ്ങി നൽകുവാനും ഇയാൾ യുവതിയോട് ആവശ്യപ്പെട്ടു. ഈ ആവശ്യവും യുവതി നിറവേറ്റി. വിവാഹത്തിന് ശേഷം മുഴുവൻ കടങ്ങളും വിടാമെന്നും യുവതിയെ വിശ്വസിപ്പിക്കുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ മാസം ആന്തലൂസ് പോലീസ് സ്റ്റേഷനിൽ നിന്നും യുവതിയെ വിളിപ്പിച്ചതോടെയാണ് താൻ വഞ്ചിക്കപ്പെട്ടതായി യുവതി തിരിച്ചറിയുന്നത്. സമാനമായ മറ്റൊരു തട്ടിപ്പ് കേസിൽ ഇയാൾ പിടിയിലായതോടെയാണ് തുടർ അന്വേഷണത്തിനിടയിൽ തട്ടിപ്പിന് ഇരയായവരുടെ പട്ടികയിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് യുവതിയുടെ പേരും ലഭിക്കുന്നത്. ഇതോടെയാണ് ഇയാൾ രാജ കുടുംബംഗമല്ലെന്നും ബിദൂനിയാണെന്നും യുവതി തിരിച്ചറിയുന്നത്.നിരവധി യുവതികളാണ് ഇയാളുടെ തട്ടിപ്പിന് ഇരയായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.