കുവൈത്ത് സിറ്റി: പള്ളികൾ പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി കുവൈത്ത്. ഇമാമുമാരും മുഅദ്ദിനുകളും മന്ത്രാലയത്തിന്റെ ഇഫ്ത അതോറിറ്റി പുറപ്പെടുവിച്ച ഫത്വ പാലിക്കണം എന്നാണ് ഇസ്ലാമിക കാര്യമന്ത്രാലയത്തിലെ പള്ളി വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. ഇഫ്ത ആൻഡ് ശരീരത്ത് ഗവേഷണ മേഖലയ്ക്ക് കീഴിലുള്ള ഇഫ്ത അതോറിറ്റിയുടെ ജനറൽ അഫയേഴ്സ് കമ്മിറ്റി പുറപ്പെടുവിച്ച ഫത്വ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അധികൃതർ ചൂണ്ടിക്കാട്ടി.
വിവിധ ഉത്പന്നങ്ങളുടെയോ വാണിജ്യ വസ്തുക്കളുടെയോ പരസ്യങ്ങൾക്കായി പള്ളികൾ ഉപയോഗിക്കുന്നതിനെ ഇത് വിലക്കുന്നു. ഏതെങ്കിലും ഉൽപ്പന്നത്തിന്റെയോ വാണിജ്യ വസ്തുക്കളുടെയോ പരസ്യങ്ങൾക്കുള്ള വേദികളായി പള്ളികളെ ഉപയോഗിക്കരുതെന്ന് ഫത്വ വ്യക്തമാക്കുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ പള്ളികൾ സ്ഥാപിക്കപ്പെട്ടത്തിന്റെ പവിത്രമായ ഉദ്ദേശത്തിന് വിരുദ്ധമാണ്. പള്ളികളുടെ പവിത്രതയും വൃത്തിയും നിലനിർത്തേണ്ടതിന്റെ ആവശ്യകതയും പ്രാർത്ഥന ഹാളുകൾക്കുള്ളിലും പുറം മുറ്റങ്ങളിലും അത്തരം പ്രവർത്തികളിൽ നിന്ന് മുക്തമാണെന്ന് ഉറപ്പാക്കുകയും വേണമെന്നാണ് നിർദ്ദേശം.