കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞ ഹൈസ്കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത പ്രവാസികളുടെ താമസ രേഖ പുതുക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിർദ്ദേശം. 250 ദിനാർ താമസാനുമതി ഫീസും സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് ഫീസും ഏർപ്പെടുത്തി ഈ വിഭാഗത്തിൽ പെട്ടവരുടെ താമസ രേഖ പുതുക്കി നൽകുക എന്നതാണു പുതിയ നിർദ്ദേശം. ഇത് സംബന്ധിച്ച കരട് നീതി ന്യായ മന്ത്രി ജമാൽ അൽ ജലാവിയുടെ നേതൃത്വത്തിൽ അടുത്ത ആഴ്ച ചേരുന്ന മാനവശേഷി സമിതിയുടെ ഡയരക്റ്റർ ബോർഡ് യോഗത്തിൽ അവതരിപ്പിക്കും. യോഗത്തിൽ ഇതിനു അംഗീകാരം ലഭിച്ചാൽ ഉടൻ തന്നെ തുടർ നടപടികൾ സ്വീകരിക്കും. രാജി വെച്ച കഴിഞ്ഞ മന്ത്രി സഭയിലെ വാണിജ്യ വ്യവസായ മന്ത്രിയുടെ നേതൃത്വത്തിൽ ഇതുമായി ബന്ധപ്പെട്ട യോഗം ചേരുകയും 500 ദിനാർ താമസരേഖ ഫീസും സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് ഫീസും ഏർപ്പെടുത്തി ഈ വിഭാഗത്തിൽ പെട്ടവരുടെ താമസരേഖ പുതുക്കുന്നതിനു അനുമതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതിനു ശേഷം അപ്രതീക്ഷിതമായി മന്ത്രി സഭ രാജി വെച്ചതോടെ വിഷയം പരിഹരിക്കപ്പെടാതെ വീണ്ടും അനിശ്ചിതമായി നീളുകയായിരുന്നു. ഇതിനിടയിൽ ഈ വിഭാഗത്തിൽ പെട്ട ആയിരകണക്കിനു പേരാണു രാജ്യം വിട്ടു പോകുകയോ അല്ലെങ്കിൽ മക്കളുടെ ആശ്രിത വിസയിലേക്ക് മാറുകയോ ചെയ്തത്. ഏതായാലും വിഷയത്തിൽ ഈ മാസം അവസാനിക്കുന്നതിനു മുമ്പ് തന്നെ ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണു വിവരം.