കുവൈത്തിൽ വിധവകൾക്കും അനാഥർക്കും വൈദ്യുതി ബില്ലിൽ ഇളവ് നൽകണമെന്ന കരട് നിർദേശത്തിന് പാർലമെന്റ് സമിതിയുടെ അംഗീകാരം. പാർലമെന്റ് അംഗം സഊദ് അബു സുതാലിബ് സമർപ്പിച്ച നിർദേശമാണ് പാർലമെന്റിലെ വുമൺ ആൻഡ് ചിൽഡ്രൻ അഫേഴ്സ് കമ്മിറ്റി അംഗീകരിച്ചത്.
ഭർത്താവ് മരിച്ച ശേഷം കുടുംബത്തിന്റെ ഉത്തരവാദിത്തം ഒറ്റക്ക് നിർവഹിക്കേണ്ടി വരുന്ന സ്ത്രീകൾക്കും അവരുടെ അനാഥകരായ കുട്ടികൾക്കും സംരക്ഷണം നൽകേണ്ട ബാധ്യത സർക്കാറിനുണ്ടെന്നും സാമൂഹിക കാര്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത വിധവകൾക്ക് ഇലക്ട്രിസിറ്റി ബില്ലിൽ 50 ശതമാനം ഇളവ് നൽകണമെന്നുമാണ് കരട് ബിൽ ശിപാർശ ചെയ്യുന്നത്. കരട് നിർദേശം ഏക സ്വരത്തിൽ അംഗീകരിച്ച കമ്മിറ്റി നിയമനിർമാണ സഭയുടെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്.