കുവൈത്തിൽ ടാക്സി സ്ഥാപനങ്ങൾക്കും റോമിങ്, കോൾ ടാക്സി കമ്പനികൾക്കും ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് പുതിയ മാർഗനിർദേശങ്ങൾ നൽകി. യാത്രക്കാരുടെയും വാഹന ഡ്രൈവർമാരുടെയും സുരക്ഷ കണക്കിലെടുത്തും ഗതാഗതം സുഗമമാക്കുന്നതിനുമായാണ് നടപടികൾ. ഡ്രൈവർ സീറ്റിനു പിന്നിൽ ടാക്സി ലൈസൻസിന്റെ അറബി, ഇംഗ്ലീഷ് പകർപ്പുകളും പ്രദർശിപ്പിക്കണം. ഡ്രൈവറുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള ടാക്സി കമ്പനിയുടെ വിശദാംശങ്ങൾ പ്രദർശിപ്പിക്കണം. യാത്രക്കാരെ കയറ്റുന്ന സമയം തൊട്ട് മീറ്റർ പ്രവർത്തിപ്പിക്കണം. ഓൺകോൾ ടാക്സി ഡ്രൈവർമാർ തെരുവിൽ നിന്ന് യാത്രക്കാരെ എടുക്കാൻ പാടില്ല. കാൾ ടാക്സികൾ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ എടുക്കാൻ പാടില്ല. എല്ലാ ടാക്സി ഡ്രൈവർമാരും യാത്രക്കാരെ മാത്രമേ കൊണ്ടുപോകാവൂ, ചരക്കുകളോ ഭക്ഷണമോ വാഹനത്തിൽ കയറ്റരുത് തുടങ്ങിയവയാണ് പ്രാധന നിർദേശങ്ങൾ.
ക്യാബ് ഡ്രൈവർമാർ ഈ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും മാർഗനിർദേശങ്ങളോ നിയമമോ ലംഘിക്കുന്നവർ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് വ്യക്തമാക്കി.