കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവാസികളായ പുരുഷ തൊഴിലാളികൾക്ക് അഭയ കേന്ദ്രം സ്ഥാപിക്കാനുള്ള നടപടികൾ പൂർത്തിയാക്കി വരുന്നതായി മാനവ ശേഷി പൊതു സമിതി ഡയരക്ടർ ജനറൽ മുബാറക്ക് അൽ ജാഫൂർ വ്യക്തമാക്കി.
മനുഷ്യാവകാശ സംരക്ഷണ രംഗത്ത് കുവൈത്ത് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് അഭയ കേന്ദ്രം സ്ഥാപിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ സ്ത്രീ തൊഴിലാളികൾക്കായി പ്രവർത്തിക്കുന്ന അഭയ കേന്ദ്രത്തിനു സമാനമായി, അന്തേവാസികൾക്ക് നിയമ പരമായ പരിരക്ഷയും ആരോഗ്യവും മാനസികവുമായ പരിചരണവും നൽകുന്ന രീതിയിലായിരിക്കും ഇവയുടെയും പ്രവർത്തനമെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ ദിനാചരണ വേളയിൽ സംസാരിക്കവേ അൽ-ജാഫൂർ കൂട്ടിച്ചേർത്തു.
2022-ൽ, 36,598 തൊഴിൽ പരാതികളാണ് മാനവശേഷി പൊതു സമിതിക്ക് ലഭിച്ചിട്ടുള്ളത്. ഈ വർഷം ആദ്യ പത്ത് മാസങ്ങൾക്കകം തൊഴിലുടമകൾക്കെതിരെ 780 പരാതികൾ റെജിസ്റ്റർ ചെയ്തു. ഇതിനു പുറമെ മാനവശേഷി പൊതു സമിതിക്ക് ലഭിച്ച വിവിധ പരാതികളിൽ നിരവധി ഗാർഹിക തൊഴിലാളികൾക്ക് സ്പോൺസര്മാരിൽ നിന്നും 24097 ദിനാറിന്റെ സാമ്പത്തിക അവകാശങ്ങൾ നേടികൊടുക്കുന്നതിന് സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.