കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ആദ്യ ബഹിരാകാശ ഉപഗ്രഹമായ കുവൈത്ത് സാറ്റ്-1ൽ നിന്ന് ആദ്യസിഗ്നലുകൾ എത്തിത്തുടങ്ങിയതായി കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസ് (കെ.എഫ്.എ.എസ്) ഡയറക്ടർ ജനറൽ ഡോ. അൽഫാദൽ അറിയിച്ചു.
കൂടുതൽ സിഗ്നലുകളുടെ വരവിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.വിക്ഷേപണ ശേഷം നിയുക്ത ഭ്രമണപഥത്തിലെത്തിയ ഉപഗ്രഹത്തിന്റെ പ്രവർത്തനം, വിവരങ്ങൾ കൈമാറുന്നതിലുള്ള കാര്യക്ഷമത എന്നിവയെല്ലാം കൂടുതൽ സിഗ്നലുകൾ എത്തുന്നതോടെ വ്യക്തമാകുന്നതാണ്.
വിക്ഷേപിച്ച് നാലുമണിക്കൂറും രണ്ടുമിനിറ്റും കൊണ്ട് ഉപഗ്രഹത്തിൽ നിന്ന് ആദ്യ സന്ദേശം അയക്കാൻ കഴിയുമെന്നായിരുന്നു നേരത്തെ പദ്ധതിക്ക് പിന്നിലുള്ളവർ വ്യക്തമാക്കിയിരുന്നത്.
കുവൈത്ത് യൂനിവേഴ്സിറ്റിയിലെ (കെ.യു) സ്റ്റേഷനിൽ ലഭിക്കുന്ന സിഗ്നൽ ഉപയോഗിച്ചാണ് വിനിമയങ്ങൾ നടത്തുക. ഉപഗ്രഹത്തിലെ ഹൈ ഡെഫനിഷൻ ക്യാമറ പ്രധാന വിവരങ്ങളും ചിത്രങ്ങളും പകർത്താൻ സഹായിക്കും. രാജ്യത്തെ ജലാശയങ്ങളിലെ മലിനീകരണത്തിന്റെ തോത് വിശകലനം ചെയ്യാൻ ഇത് സഹായിക്കും.
ചൊവ്വാഴ്ചയാണ് കുവൈത്ത് സാറ്റ്-1 യു.എസിലെ ഫ്ലോറിഡ കേപ് കനാവറൽ എയർഫോഴ്സ് ബേസിൽ നിന്ന് വിക്ഷേപിച്ചത്. കുവൈത്ത് യൂനിവേഴ്സിറ്റിയുടെ (കെ.യു) കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് സയൻസിലെ വിദ്യാർഥികൾ, കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസ് (കെ.എഫ്.എ.എസ്), കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച് (കെ.ഐ.എസ്.ആർ) എന്നിവിടങ്ങളിലെ ശാസ്ത്ര പ്രതിഭകളാണ് പദ്ധതിക്കുപിന്നിൽ പ്രവർത്തിച്ചത്.