കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ ഒരു ദിവസം മാത്രമാക്കിയ സാഹചര്യത്തിൽ മലയാളിയാത്രക്കാരുടെ ദുരിതം തുടരുകയാണ്. വെള്ളിയാഴ്ച മാത്രമാകും ഇനി സർവിസ് ഉണ്ടാകുക. നേരത്തെ ആഴ്ചയിൽ ഞായർ, ചൊവ്വ ദിവസങ്ങളിലായി രണ്ട് സർവിസ് ഉണ്ടായിരുന്നു. വെള്ളിയാഴ്ച മുതലാണ് പുതിയ ഷെഡ്യൂൾ നിലവിൽ വരുന്നത്.
കോഴിക്കോട്ടേക്ക് ആഴ്ചയിൽ നിലവിലുള്ള അഞ്ച് ഷെഡ്യൂൾ തുടരും. ബുധൻ, വെള്ളി ഒഴികെയുള്ള ദിവസങ്ങളിലാണ് സർവിസ് നടത്തുന്നത്. അതേസമയം, തിരക്കേറിയ സീസൺ അവസാനിച്ചതോടെ, ടിക്കറ്റ് നിരക്കിൽ കുറവു വന്നിട്ടുണ്ട്. കണ്ണൂരിലേക്ക് ഏറ്റവും കുറഞ്ഞ നിരക്ക് 37 ദീനാറിലും കോഴിക്കോട്ടേക്ക് 43 ദീനാറിലുമെത്തി. ഫെബ്രുവരി 14വരെ യാത്ര ചെയ്യുന്നവർക്ക് ബാഗേജ് 30 കിലോയിൽനിന്ന് 40 കിലോ ആക്കിയിട്ടുണ്ട്.
വിമാന ഷെഡ്യൂൾ വെട്ടിക്കുറക്കുന്നതും വൈകുന്നതും കാരണം യാത്രക്കാർക്ക് ബുദ്ധിമുട്ട് തുടരുകയാണ്. കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ശനിയാഴ്ചയും വൈകിയിരുന്നു. രാവിലെ 11.50ന് പുറപ്പെടേണ്ട വിമാനം ഒരു മണിയോടെയാണ് പുറപ്പെട്ടത്. തിങ്കളാഴ്ച ഇതേവിമാനം ഒന്നര മണിക്കൂറിലേറെ വൈകിയിരുന്നു. വിമാനം കോഴിക്കോടുനിന്ന് പുറപ്പെടാൻ വൈകുന്നതാണ് കുവൈത്തിലെ യാത്രക്കാരെ ബാധിക്കുന്നത്.