കുവൈത്ത് സിറ്റി : കുവൈത്തിലേക്ക് മയക്ക് മരുന്ന് കടത്തിയ പ്രതി സാൽമി അതിർത്തി കവാടം വഴി രക്ഷപ്പെട്ട സംഭവത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്ക് എതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു. ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദേശത്തെ തുടർന്നാണ് ഈ നടപടി. ലാൻഡ് പോർട്ട്സ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ അലി അൽ-ബനായി,സാൽമി പോർട്ട് ഡയറക്ടർ കേണൽ ഫഹദ് അൽ-സയീദി എന്നിവർക്ക് എതിരെയാണ് ശിക്ഷാ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇവരെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യുവാനും ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസിലേക്ക് റഫർ ചെയ്യുവാനുമാണ് മന്ത്രി തീരുമാനം പുറപ്പെടുവിച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് സംഭവം ഉണ്ടായത്. സൗദിയിൽ നിന്ന് സാൽമി പോർട്ട് വഴി കുവൈത്തിലേക്ക് മയക്ക് മരുന്ന് കടത്തിയ വ്യക്തി ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇതേ അതിർത്തി വഴി രക്ഷപ്പെടുകയായിരുന്നു. സംഭവം വിവാദമായതോടെ ആഭ്യന്തര മന്ത്രി തലാൽ അൽ ഖാലിദ് വിഷയത്തിൽ നേരിട്ട് ഇടപെടുകയും അന്വേഷണത്തിനു പ്രത്യേക സമിതിയെ നിയോഗിക്കുകയുമായിരുന്നു. സമിതിയുടെ ശുപാർശയെ തുടർന്നാണ് ഇരു ഉദ്യോഗസ്ഥരെയും ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുന്നത്.